KSDLIVENEWS

Real news for everyone

രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന സന്യാസിയുടെ വാക്കുകള്‍ തിരുത്തി

SHARE THIS ON

ബംഗളൂരു : ചിത്രദുര്‍ഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തില്‍ കോണ്‍ഗ്രസ് നേതാക്കളോടൊപ്പം സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിക്ക് ഹവേരി ഹൊസമുട്ട് സ്വാമിയില്‍ നിന്ന് ലഭിച്ച അനുഗ്രഹം ‘പ്രധാനമന്ത്രിയാകും’ എന്നായിരുന്നു. എന്നാല്‍, തൊട്ടടുത്തുണ്ടായിരുന്ന മുഖ്യ പുരോഹിതന്‍ ശ്രീ ശിവമൂര്‍ത്തി മുരുഗാ ശരണരു ഇടപെട്ട് അനുഗ്രഹ സംഭാഷണം നിറുത്തി വയ്പിച്ച്‌ ‘നമ്മുടെ മഠം സന്ദര്‍ശിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടും’ എന്ന് തിരുത്തി.

ഇതോടെ രാഹുല്‍ ഗാന്ധിയുടെ മഠം സന്ദര്‍ശനം ദേശീയ മാദ്ധ്യമങ്ങളിലടക്കം വാര്‍ത്തയായി.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ഉന്നതനേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി ലിംഗായത്ത് സമുദായത്തിന്റെ മഠം സന്ദര്‍ശിച്ചത്.

‘ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പ്രധാനമന്ത്രിമാരായി. ലിംഗായത്ത് സമുദായത്തോടൊപ്പം വന്നതിനാല്‍ രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രിയാവും” എന്നായിരുന്നു സന്യാസിയുടെ അനുഗ്രഹവചനങ്ങള്‍. ഉടന്‍ മുഖ്യപുരോഹിതന്‍ തടഞ്ഞു, ‘അങ്ങനെ പറയരുത്. അക്കാര്യം പറയേണ്ട വേദിയല്ലിത്. ജനങ്ങള്‍ തീരുമാനിക്കും. നമ്മുടെ മഠം സന്ദര്‍ശിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടും” എന്നായിരുന്നു തിരുത്ത്.

ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതപ്പെടുന്ന കര്‍ണ്ണാടകത്തില്‍ ജനസംഖ്യയുടെ 17 ശതമാനത്തോളം ലിംഗായത്തുകളാണ്. കാലങ്ങളായി ലിംഗായത്തുകള്‍ ബി.ജെ.പിയോട് അനുഭാവം പുലര്‍ത്തുന്നവരാണ്. ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ബി.എസ്. യെദിയൂരപ്പയെ ബി.ജെ.പി മുഖ്യമന്ത്രിയാക്കിയത് ഇക്കാരണത്താലാണ്. പിന്നീട് യെദിയൂരപ്പയെ മാറ്റിയപ്പോഴും അതേ സമുദായത്തില്‍ നിന്നുള്ള ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കി. കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന വലിയ വെല്ലുവിളി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളാണ്. നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും സംസ്ഥാന ഘടകം അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാറുമാണ് പരസ്പരം പോരടിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനമാണ് ഇരുവരുടെയും ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!