കാസര്‍കോട്ട് നാളെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ രണ്ട് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. ഹൊസ്ദൂര്‍ഗ്, വെളളരിക്കുണ്ട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ , പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂര്‍ , പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ നാളെയും അതിതീവ്ര മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.(വാര്‍ത്ത വിശദമായി അറിയാം…)
സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വരും ദിവസങ്ങളിലും മഴ തുടരും. മുന്നറിയിപ്പുകള്‍ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതിയില്‍ 20 മരണങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. വിവിധ ജില്ലകളിലായി 212 ദുരിതാശ്വാസ ക്യാമ്ബുകളാണ് സംസ്ഥാനത്തു പ്രവര്‍ത്തിച്ചു വരുന്നത്. 6285 ആള്‍ക്കാരാണ് ക്യാമ്ബുകളില്‍ താമസിച്ചു വരുന്നത്.
അടുത്ത ആഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ രൂപീകരണ സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നില്‍ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത്. അണക്കെട്ടുകളില്‍ നിന്ന് വളരെ നിയന്ത്രിത അളവില്‍ മാത്രമാണ് വെള്ളം ഒഴുക്കുന്നത്. ഇതോടൊപ്പം വനമേഖലയിലും മലയോരങ്ങളിലെയും ശക്തമായ മഴയില്‍ എത്തുന്ന പെയ്ത്തുവെള്ളം കൂടി ആവുമ്ബോള്‍ ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരനും സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്ന റൂള്‍ കര്‍വ് മോണിറ്ററിങ് കമ്മിറ്റി ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദേശിയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. കൂടുതല്‍ ടീമുകളെ ആവശ്യപ്പെട്ടിട്ടുമുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി , ഡിഫെന്‍സ് സര്‍വീസ സ് കോപ്സ് എന്നിവയുടെ രണ്ടു ടീമുകളെ വീതവും ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ ഓരോ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
ചാലക്കുടിയില്‍ അതീവ ജാഗ്രത: പുഴയില്‍ ജലനിരപ്പുയര്‍ന്നു, കൂടുതല്‍ ബോട്ടുകള്‍ എത്തിക്കും

