പവര്‍ കൂടിയ ആള്‍ട്ടോ വീണ്ടും അവതരിച്ചു; മൂന്നാം തലമുറ ആള്‍ട്ടോ കെ10 പുറത്തിറങ്ങി

ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചെറുകാര്‍ ഏതെന്ന് ചോദിച്ചാല്‍ വര്‍ഷങ്ങളായുള്ള ഉത്തരമാണ് മാരുതി സുസുക്കി ആള്‍ട്ടോ. 40 ലക്ഷത്തിലധികം വിറ്റ ആള്‍ട്ടോ തന്നെയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റ പാസഞ്ചര്‍ കാറും. അതിനിടയില്‍ ഇടക്ക് വന്നുപോയ ആള്‍ട്ടോ K10 എന്ന മോഡലും ഇന്ത്യക്കാരുടെ മനം കവര്‍ന്നു. ബിഎസ് 6 എമിഷന്‍ നോമുകള്‍ വന്നതോടെ ഇടക്കാലത്ത് ആള്‍ട്ടോ കെ 10 മാരുതി അവസാനിപ്പിച്ചു.
രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇപ്പോള്‍ വീണ്ടും ആള്‍ട്ടോ കെ 10 അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ലുക്കിലും വര്‍ക്കിലും മാറ്റങ്ങളോടെ തന്നെയാണ് പുതിയ ആള്‍ട്ടോ കെ 10 എത്തിയിരിക്കുന്നത്. മൂന്നാം തലമുറ ആള്‍ട്ടോ കെ 10 ആണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്.
മാരുതിയുടെ തന്നെ പുതിയ സെലേറിയോയുമായാണ് ആള്‍ട്ടോ കെ 10 ന് ലുക്കില്‍ കൂടുതല്‍ സാമ്യം. മാരുതിയുടെ ഹേര്ട്ടാറ്ക്ട് പ്ലാറ്റ്ഫോമിലാണ് ആള്‍ട്ടോ കെ 10 നിര്‍മിച്ചിരിക്കുന്നത്. 3,530 എംഎം നീളം, 1,490 എംഎം വീതി, 1,520 എംഎം ഉയരവും ആള്‍ട്ടോ കെ10 നുണ്ട്. നിലവിലെ ആള്‍ട്ടോ 800 നേക്കാളും 85 എംഎം നീളവും 45 എംഎം ഉയരവും കൂടുതലാണ് ആള്‍ട്ടോ കെ10 ന്. വീല്‍ബേസിലേക്ക് വന്നാല്‍ ആള്‍ട്ടോ 800 നേക്കാള്‍ 20 എംഎം വര്‍ധിപ്പിച്ച് 2,380 എംഎം ആണ്.
കൂടുതല്‍ ഉരുണ്ട രൂപമാണ് ആള്‍ട്ടോ കെ 10 ന് നല്‍കിയിട്ടുള്ളത്. മുന്നില്‍ വലിയ ഹെഡ്ലാമ്ബ് യൂണിറ്റാണ് നല്‍കിയിരിക്കുന്നത്. പുതിയ ഹെക്സാഗണല് ഷേപ്പിലുള്ള ഗ്രില്‍ ഇന്ത്യയില്‍ വില്‍പ്പന അവസാനിപ്പിച്ച ഡാറ്റ്സണ്‍ റെഡി ഗോയെ അനുസ്മരിപ്പിക്കുന്നുണ്ട്. മുന്നിലെ മെഷ് ഘടകവും കൂടി ചേരുന്നതോടെ ആകെപാടെ ഒരു ചിരിക്കുന്ന മുഖം ആള്‍ട്ടോക്ക് ലഭിക്കുന്നുണ്ട്. അതേസമയം ഫോഗ് ലാമ്ബ്, ഡിആര്‍എല്‍ എന്നിവ ഉള്‍പ്പെടുത്താനുള്ള ഓപ്ഷന് ആള്‍ട്ടോ കെ 10 ല്‍ ഇല്ല.
വശങ്ങളില് മുന്‍ മോഡലിനേക്കാള്‍ കനപ്പെട്ട ഷോള്‍ഡര്‍ ലൈനും ക്യാരക്റ്റര്‍ ലൈനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിക്കേറ്ററുകള്‍ പഴയത് പോലെ തന്നെ മുന്‍ ഫെന്‍ഡറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13 ഇഞ്ച് വീലിന് അലോയ് ഓപ്ഷന് മാരുതി നല്‍കുന്നില്ല.
ടെയില്‍ ലൈറ്റിലെ ചെറിയ മാറ്റം ഒഴിച്ചുനിര്‍ത്തിയാല്‍ പുതിയ സെലേറിയോയുടെ അതേ ഡിസൈന്‍ തന്നെയാണ് ആള്‍ട്ടോ കെ 10 ന് നല്‍കിയിരിക്കുന്നത്. പിറകില്‍ വൈപ്പര്‍ പോലുള്ള ആഡംബരങ്ങളൊന്നുമില്ല.
ഇന്റീരിയറിലും സമൂലമായ മാറ്റമാണ് പുതിയ മാരുതി സുസുക്കി ആള്‍ട്ടോ കെ 10 ന് നല്‍കിയിരിക്കുന്നത്. കൂടുതല്‍ ഉയര്‍ന്ന പൊസിഷനിലുള്ള ഇരട്ട നിറത്തിലുള്ള ഡാഷ് ബോര്‍ഡ് പഴയ കറുപ്പ് നിറത്തിലുള്ള ഡാഷ് ബോര്‍ഡില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. സെലേറിയോയിലും എസ് പ്രസോയിലും ഉപയോഗിച്ചിരിക്കുന്ന 7.0 ഇഞ്ച് സ്മാര്‍ട്ട് പ്ലേ ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സിസ്റ്റം തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവ ഇത് പിന്തുണക്കും.
മിഡില്‍ എസി വെന്റുകള്‍ പുതിയ ആള്‍ട്ടോ 800 ല്‍ നിന്നെടുത്തതാണ്. സ്റ്റിയറിങ് വീല്‍, കണ്ട്രോള് സ്റ്റാക്കുകള്‍, ഇന്റീരിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, സൈഡി എസി വെന്റുകള്‍ എന്നിവയെല്ലാം പുതിയ സെലേറിയോയില്‍ നിന്നെടുത്തതാണ്. പവര്‍ വിന്‍ഡോ ബട്ടണുകള്‍ എസ് പ്രസോയിലേത് പോലെ സെന്റര്‍ കണ്‍സോളില്‍ ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സിസ്റ്റത്തിന് താഴെയാണ് നല്‍കിയിരിക്കുന്നത്. സ്റ്റിയറിങ് വീലില്‍ ഓഡിയോ കണ്ട്രോളുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയിലേക്ക് വന്നാല്‍ എബിഎസ്, മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ കെ10സി എഞ്ചിനാണ് ആള്‍ട്ടോ കെ10 ന് കരുത്ത് പകരുന്നത്. 67 എച്ച്പി പവറും 89 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ് ഈ എഞ്ചിന്. എസ് പ്രസോക്കും സെലേറിയോക്കും സമാനമാണിത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സിലും 5 സ്പീഡ് എഎംടി ഗിയര്‍ ബോക്സിലും വാഹനം ലഭിക്കും.
മാരുതി പുതിയ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഡ്യൂവല്‍ ജെറ്റ് സാങ്കേതികവിദ്യ ഇതിലും പിന്തുടരുന്നുണ്ട്. കൂടാതെ ഐഡില്‍ സ്റ്റാര്‍ട്ട്/ സ്റ്റോപ്പ് ബട്ടണുമുണ്ട്. അതുകൊണ്ട് തന്നെ ലിറ്ററിന് 24.39 കിലോമീറ്ററാണ് മാനുവല്‍ മോഡലിന്റെ ഇന്ധനക്ഷമത. ഓട്ടോമാറ്റിക്കിന് 24.90 കിലോമീറ്ററും ലഭിക്കും.
നിലവിലെ ആള്‍ട്ടോ 800 നിലനിര്‍ത്തി കൊണ്ടുതന്നെയാണ് പുതിയ ആള്‍ട്ടോ കെ 10 അവതരിപ്പിച്ചിരിക്കുന്നത്. റെനോ ക്വിഡ് മാത്രമാണ് നിലവില്‍ ആള്‍ട്ടോ കെ 10 ന് നേരിട്ടുള്ള എതിരാളി.
3.99 ലക്ഷം മുതല്‍ 5.84 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.


