ഓപ്പറേഷന് ശുഭയാത്രയുമായി സര്‍ക്കാര്‍; വിസ തട്ടിപ്പ് അടക്കമുള്ളവയെപ്പറ്റി നേരിട്ട് പരാതിപ്പെടാം

തിരുവനന്തപുരം: ഓപ്പറേഷന് ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ- മെയിൽ ഐഡികളും നിലവിൽവന്നു. കേരളാ പോലീസും സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യവകുപ്പായ നോര്‍ക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേരളാ പോലീസാണ് ഇവ സജ്ജമാക്കിയിട്ടുള്ളത്.
വിദേശരാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസിമലയാളികൾക്ക് ഇനി മുതൽ പരാതികള്‍ നേരിട്ടറിയിക്കാം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ- മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്പ്പ്ലൈന് നമ്പറിലും പ്രവാസികള്‍ക്ക് പരാതികള്‍ നല്‍കാം.
വിസ തട്ടിപ്പ് വിദേശത്തേയ്ക്കുളള തൊഴില്‍ തട്ടിപ്പുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്തി നോര്‍ക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പോലീസ് എന്നിവരുടെ സംയുക്ത യോഗം നേരത്തെ ചേർന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ‘ഓപ്പറേഷന് ശുഭയാത്ര’ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

