KSDLIVENEWS

Real news for everyone

ഇന്നുമുതൽ ഡ്രൈവിങ് ലേണേഴ്സ് പരീക്ഷ കാസർകോട് ആർടിഒ ഓഫിസിൽ; അപേക്ഷകരെ ഇരുത്താൻ സ്ഥലമില്ലാതെ അധികൃതർ

SHARE THIS ON

കാസർകോട് ∙ ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാവുന്ന രീതിയിലേക്കു മാറ്റിയ ഡ്രൈവിങ് ലേണേഴ്സ് പരീക്ഷ ഇന്നു മുതൽ ആർടിഒ ഓഫിസുകളിൽ നടത്തുന്ന രീതിയിലേക്കു തിരികെ ക്രമീകരിക്കുകയാണ്. എന്നാൽ പരീക്ഷ നടത്താൻ സ്ഥലമില്ലാതെ പ്രയാസപ്പെടുകയാണു കാസർകോട് മോട്ടർ വാഹന വകുപ്പ് അധികൃതർ. ആർടിഒ ഓഫിസിൽ തന്നെ പരീക്ഷ നടത്താനാണു തീരുമാനം. ഓഫിസിൽ ഉപയോഗിക്കുന്ന 5 കംപ്യൂട്ടറുകൾ പരീക്ഷയ്ക്കായും ക്രമീകരിക്കും. ഒരേ സമയം 5 അപേക്ഷകർക്കു മാത്രമാണു പരീക്ഷയെഴുതാൻ സാധിക്കുക. ഇത്തരത്തിൽ വളരെ കുറച്ച് അപേക്ഷകർക്കു മാത്രമേ പരീക്ഷയെഴുതാൻ സാധിക്കൂ. ഓഫിസിൽ മറ്റു ജീവനക്കാർ എത്തും മുൻപ് പരീക്ഷകൾ അവസാനിപ്പിക്കുകയും വേണം. കാസർകോട് ആർടിഒ ഓഫിസിൽ ലേണേഴ്സ് പരീക്ഷയ്ക്കായി മുറി അനുവദിക്കണമെന്ന് ജില്ലാ ഭരണകൂടത്തിനു കത്തു നൽകിയിരുന്നു. നിലവിൽ മുറികൾ ഒഴിവില്ലെന്നും പരിശോധിച്ചു തീരുമാനമെടുക്കുമെന്നും എഡിഎം അറിയിച്ചു. മിക്ക ആർടിഒ, സബ് ആർടിഒ ഓഫിസുകളിലും കംപ്യൂട്ടറുകൾ തകരാറിലാണ്. ലോക്ഡൗണായതിനാൽ ഏറെക്കാലം ഉപയോഗിക്കാതിരുന്നതിനാലാണിത്. ലേണേഴ്സ് കൃത്യമായി നടത്തുമെന്നും ഇന്നത്തെ സാഹചര്യം വിലയിരുത്തി മറ്റു നടപടികൾ സ്വീകരിക്കുമെന്നും ആർടിഒ പറഞ്ഞു. സ്ഥലമില്ല, അപേക്ഷകർ കാത്തിരിക്കണം മുൻപ് കലക്ടറേറ്റിലെ ഒരു മുറിയിലാണു ലേണേഴ്സ് നടത്തിയിരുന്നത്. ലോക്ഡൗൺ കാലത്ത് ഈ മുറി കലക്ടറുടെ ഉത്തരവിലൂടെ ഏറ്റെടുത്തിരുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗം ശേഖരിക്കുന്ന സാംപിളുകൾ സൂക്ഷിക്കാനാണ് ഈ മുറി ഇപ്പോളുപയോഗിക്കുന്നത്. പകരം സ്ഥലത്തിനായി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. അധികമായി മുൻപുണ്ടായിരുന്ന ഒരു മുറിയും മറ്റാവശ്യങ്ങൾക്കായി എടുത്തു. ഇതോടെയാണ് നിലവിൽ പ്രവർത്തിക്കുന്ന ഓഫിസ് മുറിയിൽ തന്നെ പരീക്ഷ നടത്താൻ മോട്ടർ വാഹന വകുപ്പ് നിർബന്ധിതരായത്. എന്നാൽ അപേക്ഷകരെ സംബന്ധിച്ച് രാവിലെ 7ന് ലേണേഴ്സ് പരീക്ഷയ്ക്കെത്തുന്നത് പ്രയാസമാണെന്ന അഭിപ്രായം ഡ്രൈവിങ് സ്കൂൾ നടത്തുന്നവർ ചൂണ്ടിക്കാട്ടുന്നു. മിക്ക ദിവസങ്ങളിലും ഓൺലൈനിൽ കാസർകോട് മാത്രം നൂറിനടുത്ത് അപേക്ഷകർ ലേണേഴ്സ് എഴുതിയിരുന്നതായും ഇവർ പറയുന്നു. അവസാന നിമിഷമാണ് പല അപേക്ഷകരെയും വിവരമറിയിക്കാൻ കഴിഞ്ഞതെന്നും അതിനാൽ പ്രശ്നത്തിനു കൃത്യമായ പരിഹാരം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!