KSDLIVENEWS

Real news for everyone

ലോകായുക്ത ബില്‍ സഭയില്‍; ജുഡീഷ്യറിക്കുമേലുള്ള കടന്നുകയറ്റമെന്ന് സതീശന്‍

SHARE THIS ON

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി നിയമമന്ത്രി പി. രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ബില്ലില്‍ എതിര്‍പ്പ് അറിയിച്ചു. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജുഡീഷ്യറിക്കു മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ലോകായുക്ത നിയമഭേദഗതി നിയമസഭയുടെ അന്തസ്സിനു ചേരാത്ത നിയമനിര്‍മാണമാണെന്ന് സതീശന്‍ പറഞ്ഞു. ഈ ബില്ലിന്റെ നിയമസാധുതയേയും ഭരണഘടനാസാധുതയേയും വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയുടെ അധികാരം എക്‌സിക്യൂട്ടീവിന് കവരാന്‍ അവസരമൊരുക്കുന്നതാണ് ഭേദഗതിയിലൂടെ കൊണ്ടുവരുന്ന നിയമനിര്‍മാണം. സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് ഈ ഭേദഗതി. ജുഡീഷ്യല്‍ സംവിധാനത്തിന്റെ തീരുമാനം എങ്ങനെ എക്‌സിക്യൂട്ടീവിന് തള്ളാന്‍ കഴിയുമെന്നും സതീശന്‍ ചോദിച്ചു. ജുഡീഷ്യറിയുടെ കണ്ടെത്തല്‍ തള്ളാനുള്ള അധികാരം ഈ ഭേദഗതിയിലൂടെ എക്‌സിക്യൂട്ടീവിന് നല്‍കുന്ന സ്ഥിതിയാണുള്ളതെന്നും സതീശന്‍ വിമര്‍ശിച്ചു. സി.പി.ഐയ്‌ക്കെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇ. ചന്ദ്രശേഖരന്‍ നായര്‍ നിയമമന്ത്രിയായിരുന്ന കാലത്തുകൊണ്ടുവന്ന നിയമനിര്‍മാണം ആണിത്. അതില്‍ മാറ്റംവരുത്തുന്നതിനെയാണ് സി.പി.ഐ. അനുകൂലിക്കുന്നത്. സി.പി.എമ്മുമായി സി.പി.ഐ. എന്ത് ധാരണയിലാണ് എത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.  എന്നാല്‍ സതീശന്റെ തടസ്സവാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് പി. രാജീവ് രംഗത്തെത്തി. പൂര്‍ണമായും ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത നിയമമാണ് ലോകായുക്തയുടേതായി നിലവില്‍ ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുനഃപരിശോധനാ സംവിധാനം ഉണ്ടാകുന്നത് എപ്പോഴും സ്വാഭാവിക നീതിക്കുവേണ്ടിയുള്ളതാണ്. നിലവിലെ ലോകായുക്ത നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ നിയമോപദേശം അനുസരിച്ചാണ് ഇപ്പോള്‍ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!