നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ജനങ്ങള്‍ ആശ്രയിച്ചത് കൊച്ചി മെട്രൊയെ; ഇന്ന് റെക്കോര്‍ഡ് യാത്രക്കാര്‍

കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ജനങ്ങള്‍ ആശ്രയിച്ചത് കൊച്ചി മെട്രൊയെ. ഇതോടെ ഇന്ന് കൊച്ചി മെട്രൊയില്‍ ഉണ്ടായത് റെക്കോര്‍ഡ് യാത്രക്കാരാണ്. രാവിലെ 6 മുതല്‍ രാത്രി 9 വരെ യാത്ര ചെയ്തത് 93,342 പേര് യാത്ര ചെയ്തുവെന്ന് മെട്രൊ വ്യക്തമാക്കി ( Record number of passengers Kochi Metro ).
കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്. കത്രിക്കടവില്‍ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കത്രിക്കടവില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയിലാണ് മരം വീണത്. ബസുകള്‍ക്ക് പോകേണ്ട ഒരേ ഒരു വഴിയായതിനാല്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. മരം വീഴുന്നതിന് തൊട്ട് മുന്‍പ് രണ്ട് ഓട്ടോറിക്ഷകള്‍ ഇതുവഴി കടന്ന് പോയിരുന്നു. ഒരു ഒമിനി വാനിന് മുകളിലേക്കാണ് മരം വീണത്.
Read Also: രാജ്യത്ത് ടോള്‍ പ്ലാസകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ മരം മുറിച്ച് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സമീപത്തെ കെട്ടിടത്തിന്റെ ഒരു ഭാഗവും തകര്‍ന്നു. പുലര്‍ച്ചെ നാല് മണി മുതല്‍ കൊച്ചി നഗരത്തില്‍ കനത്ത മഴയാണ് പെയ്തത്. എംജി റോഡിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
അതേസമയം, കനത്ത മഴയില്‍ തകരാറിലായ റെയില്‍വേ സ്റ്റേഷനുകളിലെ സിഗ്നല്‍ സംവിധാനം സാധാരണ ഗതിയില്‍. ആലപ്പുഴ വഴി സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്ന സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് കോട്ടയം വഴി തന്നെ സര്‍വീസ് നടത്തും.
സിഗ്നല്‍ സംവിധാനം പുനഃസ്ഥാപിച്ചെങ്കിലും ട്രെയിനുകള്‍ വൈകി ഓടുന്നുത് തുടരുകയാണ്. ശബരി, പരശുറാം, വേണാട് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ഓടുന്നത് മണിക്കൂറുകള്‍ വൈകിയാണ്.
എറണാകുളം ജംഗ്ഷന് സ്റ്റേഷനില്‍ നിന്ന് വൈകിട്ട് 6.00ന് പുറപ്പെടേണ്ട, 06451 എറണാകുളം – കായംകുളം അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍ ഇന്ന് സര്‍വീസ് നടത്തില്ല. എറണാകുളം – കൊല്ലം മെമു സ്പെഷ്യല്‍ ഇന്ന് മുളന്തുരുത്തി നിന്നാവും സര്‍വീസ് ആരംഭിക്കുക. ഈ ട്രെയിന്‍ എറണാകുളത്തിനും – മുളന്തുരുത്തിക്കും ഇടയില്‍ ഭാഗികമായി റദ്ദ് ചെയ്തിരിക്കുന്നു.
12677 KSR ബെംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി ആലുവയിലും, ഗുരുവായൂര്‍ – എറണാകുളം അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ് ഇടപ്പള്ളിയിലും, കൊല്ലം – എറണാകുളം മെമു എക്സ്പ്രസ് മുളന്തുരുത്തി സ്റ്റേഷനിലും സര്‍വീസ് അവസാനിപ്പിച്ചു.
വിവിധയിടങ്ങളില്‍ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറി. ഇതേതുടര്‍ന്ന് പരശുറാം എക്സ്പ്രസ് എറണാകുളം ടൗണ്‍ വഴി തിരിച്ചുവിട്ടു. നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ് ടൗണ്‍ സ്റ്റേഷനില്‍ സര്‍വീസ് നിര്‍ത്തി.
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും വൈകിയോടുകയാണ്. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി ആലപ്പുഴ വഴി സര്‍വീസ് നടത്തുന്നുണ്ട്.

