സ്പോർട്സ് കാർ ചട്ടഞ്ചാൽ സ്കൂൾ മൈതാനത്ത് അതിക്രമിച്ചു കയറ്റി ഓടിച്ചു

ചട്ടഞ്ചാൽ ∙ വിദേശ നിർമിത സ്പോർട്സ് കാർ സ്കൂൾ മൈതാനത്ത് അതിക്രമിച്ചു കയറ്റി ഓടിച്ചതിനു 3 പേർക്കെതിരെ കേസെടുത്തു. കാർ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ കോംപൗണ്ടിൽ അനധികൃതമായി കാർ ഓടിച്ചു കയറ്റുകയും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വിധത്തിൽ ഹോണടിച്ചു മൈതാനത്ത് റേസിങ് കണക്കെ പ്രകടനം നടത്തി പഠനാന്തരീക്ഷം തകർത്തതിനും അപകടകരമായ വാഹനം ഓടിച്ചതിനുമാണു കണ്ടാലറിയാവുന്ന 3 പേർക്കെതിരെയാണു കേസെടുത്തത്.
തുടർന്നു സിഐ ടി.ഉത്തംദാസ്, എസ്ഐ ശശിധരൻ പിള്ള, സിവിൽ പൊലീസ് ഓഫിസർമാരായ കെ.വി.ശ്രീജിത്ത്, പി.എം.പ്രതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്കൂൾ പ്രിൻസിപ്പിൽ എം.ജെ.ടോമിയുടെ പരാതിയിലാണ് കേസെടുത്തത്. വാഹനത്തിന്റെ റജിസ്ട്രേഷൻ, ഇന്ത്യയിൽ ഓടിക്കാനുള്ള പെർമിറ്റ് എന്നിവ പരിശോധിക്കുന്നതിനു മോട്ടർ വാഹന വകുപ്പിനു അപേക്ഷ നൽകിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. എല്ലാ സ്കൂൾ പരിസരങ്ങളിലും വാഹന പരിശോധന കർശനമായി തുടരുമെന്നും ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സർക്കിൾ ഇൻസ്പെക്ടർ ടി.ഉത്തംദാസ് അറിയിച്ചു.

