വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസപ്പെടുത്തരുത്; പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണം – ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്. തുറമുഖനിര്‍മാണം തടസ്സപ്പെടുത്തരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു. അദാനി ഗ്രൂപ്പും തുറമുഖ നിര്‍മാണം നടത്തുന്ന കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കരാര്‍ കമ്പനികള്‍ക്കും അവര്‍ ഏര്‍പ്പെടുത്തുന്ന തൊഴിലാളികള്‍ക്കും തുറമുഖ പദ്ധതി പ്രദേശത്ത് നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ടുപോകാനുള്ള സുരക്ഷ പോലീസ് ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
തുറമുഖ നിര്‍മാണത്തിന് സുരക്ഷയൊരുക്കുന്നതില്‍ പോലീസിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

