വീണ്ടും റെയിൽ പാളത്തിൽ കല്ലുകൾ; തൃക്കരിപ്പൂരിൽ കുട്ടികളെ പിടികൂടി പോലീസ് താക്കീത് ചെയ്തു വിട്ടയച്ചു

തൃക്കരിപ്പൂർ ∙ റെയിൽ പാളത്തിൽ അപകടകരമാം വിധം കല്ലുകൾ പെറുക്കി വച്ച 18 വയസ്സിൽ താഴെ പ്രായമുള്ള 6 വിദ്യാർഥികളെ പൊലീസ് പിടികൂടി മാതാപിതാക്കളുടെ സാന്നിധ്യത്തിൽ താക്കീത് ചെയ്തു വിട്ടു. തൃക്കരിപ്പൂർ–പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകളുടെ മധ്യത്തിൽ രാമവില്യം റെയിൽവേ ഗേറ്റിനു തെക്കു ഭാഗത്ത് ഇളമ്പച്ചി മിനി സ്റ്റേഡിയം പരിസരത്തു കഴിഞ്ഞ ദിവസം രാവിലെയാണു സംഭവം. 11 മുതൽ 14 വയസ്സു വരെ പ്രായക്കാരായ കുട്ടികളാണു റെയിൽ പാളത്തിൽ കല്ലുകൾ അടുക്കി വച്ചത്.
കുട്ടികളുടെ സംഘം അപായമുണ്ടാക്കുന്ന തരത്തിൽ കല്ലുകൾ അടുക്കി വയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. റെയിൽവേ ചന്തേര പൊലീസിനു വിവരം കൈമാറി. എസ്ഐ എം.വി.ശ്രീദാസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി. കുട്ടികൾ നടത്തിയ ഗുരുതരമായ കുറ്റം പൊലീസ് മാതാപിതാക്കളെ ബോധ്യപ്പെടുത്തി. തുടർന്നു താക്കീത് ചെയ്തു വിട്ടു. ജുവനൈൽ ജസ്റ്റിസ് പ്രകാരം പൊലീസ് വിവരം റിപ്പോർട്ട് ചെയ്തു.

