വാടക വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

വിദ്യാനഗർ : രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ.
പുകയില ഉല്പന്നങ്ങൾ പ്ലാസ്റ്റിക്ക് ചാക്കുകളിൽ വില്പനക്കായി തരംതിരിച്ചുവെക്കുകയായിരുന്ന നാഷണൽ നഗർ സ്വദേശി ഖമറുദ്ദീൻ (32), ചെട്ടുംകുഴി സ്വദേശി ഇർഷാദ് (27) എന്നിവരാണ് പിടിയിലായത്. ചെട്ടുംകുഴിയിൽനിന്ന് അര കിലോമീറ്ററോളം കിഴക്കോട്ടുമാറിയുള്ള വാടകവീട്ടിൽനിന്നാണ് നിരവധി പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാനഗർ സി.ഐ. ഇ.അനൂപ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. പോലീസ് എത്തുമ്പോൾ ഖമറുദ്ദീനും ഇർഷാദും പുകയില പാക്കറ്റുകൾ പ്ലാസ്റ്റിക്ക് ചാക്കുകളിൽ തരം തിരിച്ച് വെക്കുകയായിരുന്നു. മുറികളിൽ നിറയെ പ്ലാസ്റ്റിക്ക് ചാക്കുകളിൽ പുകയില ഉത്പന്നങ്ങൾ നിറച്ചനിലയിലായിരുന്നു.

