സ്വകാര്യ സര്‍വകലാശാല: പച്ചക്കൊടിവീശി സി.പി.എം, പരിഷ്‌കാരം അനിവാര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാന്‍ സി.പി.എം. പച്ചക്കൊടി വീശുന്നു. ഇതിനായി ‘കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാലാ ബില്‍’ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇ.എം.എസ്. അക്കാദമിയില്‍ നടന്ന പ്രത്യേക ശില്പശാലയിലാണ് ഈ ധാരണ. ഉന്നതവിദ്യാഭ്യാസമേഖലയുടെ നിലവാരമുയര്‍ത്തല്‍ അനിവാര്യമാണെന്നും ഇതിനുള്ള നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വകാര്യ സര്‍വകലാശാലകള്‍ ഇടതുനയത്തിനു വിരുദ്ധമാണോയെന്ന ചോദ്യം ചിലര്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി വ്യക്തതവരുത്തും. അധ്യാപക സംഘടനകളായ എ.കെ.ജി.സി.ടി., എ.കെ.പി.സി.ടി.എ., ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ എന്നിവയുടെയും എസ്.എഫ്.ഐ.യുടെയും പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു.
സി.പി.എം. സംസ്ഥാന നേതൃയോഗങ്ങളില്‍ ചര്‍ച്ചചെയ്തശേഷം സംസ്ഥാനസര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കും. സ്വയംഭരണ കോളേജുകളെ കല്പിത സര്‍വകലാശാലകളാക്കി മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചയുണ്ടായി.

