കോഴിക്കോട് നഗരത്തില്‍ കൈയേറിയ വഖ്ഫ് കെട്ടിടം പൊളിച്ചുതുടങ്ങി

കോഴിക്കോട് | നഗരത്തില്‍ അനധികൃത കൈയേറ്റത്തിനിരയായ വഖ്ഫ് കെട്ടിടം പൊളിച്ചുമാറ്റുന്ന നടപടി തുടങ്ങി. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്ഥലത്തുള്ള കെട്ടിടമാണ് പൊളിച്ചുമാറ്റുന്നത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം ജീര്‍ണാവസ്ഥയിലായതിനെ തുടര്‍ന്ന് ഉടന്‍ പൊളിച്ചുമാറ്റാന്‍ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ ഒരു വര്‍ഷം മുമ്ബ് നിര്‍ദേശം നല്‍കിയിരുന്നു.
കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞുവീണതിനെ തുടര്‍ന്നായിരുന്നു കോര്‍പറേഷന്‍ സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം നിലവില്‍ അനധികൃതമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന നോര്‍മന്‍ പ്രസ്സ് അധികൃതരായ കെ ടി സിക്ക് നഗരസഭ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും കെട്ടിടത്തിനകത്തുള്ള പ്രസ്സ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മാറ്റാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കെട്ടിടം പൊളിച്ചുമാറ്റല്‍ വൈകുകയായിരുന്നു. കെട്ടിടം കൈവശം വെക്കാനാവശ്യമായ കോടതി ഉത്തരവ് തങ്ങള്‍ക്കുണ്ടെന്നായിരുന്നു കെ ടി സി അധികൃതരുടെ നിലപാട്.
പുതിയറ മാളിയേക്കല്‍ മമ്മു ഹാജി വക വഖ്ഫ് കെട്ടിടമാണിത്. ഓടോട് കൂടിയ കെട്ടിടത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്ബാണ് കെ ടി സി യുടെ ഉടമസ്ഥതയില്‍ പ്രസ്സ് നടത്താന്‍ വാടകക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് ഇവര്‍ ഒഴിയാന്‍ തയ്യാറായില്ലെന്നായിരുന്നു വഖ്ഫ് ചെയ്ത കുടുംബത്തിന്റെ പരാതി. ഒഴിപ്പിക്കുന്നതിന് അനുകൂല വിധി ഉണ്ടായിരുന്നുവെങ്കിലും വാടകക്കാര്‍ വഖ്ഫ് ട്രൈബ്യൂണലിനെ സമീപിക്കുകയും പിന്നീട് കേസ് ഹൈക്കോടതിയിലെത്തുകയുമായിരുന്നു.
കോടതി നടപടികളില്‍ കുടുങ്ങിക്കിടക്കുന്നതിനിടെയാണ് ഒരു വര്‍ഷം മുമ്ബ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞുവീണത്. ഇതേ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ അനുമതി തേടി കോര്‍പറേഷന്‍, കലക്ടറെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് പെട്ടെന്ന് പൊളിച്ചുമാറ്റാന്‍ കലക്ടര്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കിയത്. ഇതിന് ശേഷം പലവട്ടം കെട്ടിടം പൊളിക്കാന്‍ പോയെങ്കിലും കൈയേറ്റക്കാര്‍ തടയുകയായിരുന്നു.
മേയറുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഹിയറിംഗിനെ തുടര്‍ന്ന് കെട്ടിടത്തിലുള്ള പ്രസ്സും അനുബന്ധ വസ്തുക്കളും മാറ്റാന്‍ കെ ടി സി അധികൃതര്‍ തയ്യാറാകുകയായിരുന്നു. ഇന്നലെ പത്തോടെയാണ് നാല് ജീവനക്കാരുമായി കെട്ടിടം പൊളിച്ചുമാറ്റാന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെത്തിയത്. പോലീസിന്റെയും ഫയര്‍ഫോഴ്‌സിസിന്റെയും സാന്നിധ്യത്തിലായിരുന്നു കെട്ടിടം പൊളിച്ചുമാറ്റുന്ന നടപടി ആരംഭിച്ചത്. ഉച്ചക്ക് ഒന്നേകാലോടെ കെട്ടിടം പൊളി നിര്‍ത്തി. ഇന്നും തുടരുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. നഗരത്തിലെ കോടികളുടെ വഖ്ഫ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ കലക്ടര്‍ ഉത്തരവ് നല്‍കിയ വാര്‍ത്ത നേരത്തേ സിറാജ് റിപോര്‍ട്ട് ചെയ്തിരുന്നു.

