പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര് എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

മലപ്പുറം | പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കളായ ആര് എസ് എസിനെയും ഇതുപോലെ നിരോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വര്‍ഗീയത ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എതിര്‍ക്കപ്പെടണം. ഭാരത് ജോഡോ യാത്രക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ഏതെങ്കിലുമൊരു പ്രസ്ഥാനത്തെ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അവര്‍ മറ്റൊരു പേരില്‍ സംഘടനയുണ്ടാക്കി വീണ്ടും രംഗത്തു വരും. ജനങ്ങളില്‍ വര്‍ഗീയത കുത്തിവെക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ മതേതര ശക്തികളുടെ ഒറ്റക്കെട്ടായ പോരാട്ടം അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
‘വര്‍ഗീയത ആളിക്കത്തിക്കുന്ന കാര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടും ആര് എസ് എസും ഒരുപോലെ കുറ്റക്കാരാണ്. ഇരു സംഘടനകളുടെയും സമീപനം തെറ്റാണ്. കോണ്‍ഗ്രസ് എക്കാലത്തും ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതക്കെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വര്‍ഗീയത ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനും നടത്തുന്ന എല്ലാ ശ്രമങ്ങളെയും ചെറുക്കും.
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് വലിയ വീഴ്ചയാണുണ്ടായതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

