മോഷ്ടിക്കാന്‍ കയറി, ഒന്നുംകിട്ടാത്ത കലിപ്പിന് എല്ലാം തകര്‍ത്തു; പോകുംമുന്‍പ് ഏലയ്ക്കാകാപ്പി കുടിച്ചു

അടൂർ: ആളില്ലാത്ത അഞ്ച് വീട്. അതിലൊരെണ്ണം കയറിതാമസം കഴിഞ്ഞ് രണ്ട് മാസം മാത്രം കഴിഞ്ഞത്. നോക്കിവെച്ച് കാത്തിരുന്ന് കള്ളന്മാർ അകത്ത് കയറി. പക്ഷേ, പ്രതീക്ഷകളെല്ലാം തെറ്റി. ഉറക്കളച്ചത് മിച്ചം. മരുന്നിനുപോലും ഒന്നും കിട്ടിയില്ല. മിടുക്കരായ വീട്ടുകാർ എടുത്തു കൊണ്ടുപോകാൻ പരുവത്തിൽ ഒന്നും വെച്ചിരുന്നില്ലെന്നതാണ് സത്യം. വീട്ടിൽ കയറിയിട്ട് ഒന്നും കഴിക്കാതെ പോയാൽ മോശമാകുമല്ലോ എന്ന് കരുതിയാകും കള്ളന്മാർ അടുക്കളയിൽ കയറി കാപ്പി ഇട്ടു. അതും ഏലയ്ക്കാകാപ്പി. കുശാലായി കുടിച്ചു. പുതിയവീട്ടിൽ നിന്ന് ഒന്നും കിട്ടാത്തതിന്റെ കലിപ്പ് മറച്ചുവെച്ചില്ല. കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്താണ് സംഘം മടങ്ങിയത്.
അടൂർ കരുവാറ്റ വട്ടമുകളിൽ സ്റ്റീവ് വില്ലയിൽ അലീസ് വർഗീസ്, മറ്റത്തിൽ രാജ് നിവാസിൽ ലില്ലിക്കുട്ടി, മൻമോഹൻ വീട്ടിൽ രമാദേവി, അഷ്ടമിയിൽ സുഭാഷ് സുകുമാരൻ, അറപ്പുരയിൽ ഗീവർഗീസ് തോമസ് എന്നിവരുടെ വീടുകളിലാണ് മുൻവാതിൽ കുത്തിത്തുറന്ന് മോഷണശ്രമം നടന്നത്. ഇതിൽ അറപ്പുരയിൽ വീട് രണ്ടുമാസം മുൻപാണ് ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ഈ വീടിന്റെ കിച്ചൺ ക്യാബ്, തടി അലമാര, ഷോക്കേസ് എന്നിവയാണ് നശിപ്പിച്ചത്.
മറ്റത്തിൽ രാജ്നിവാസ് വീടിന് മുന്നിലെ രണ്ട് ക്യാമറകൾ നശിപ്പിച്ചു വീട്ടുടമസ്ഥർ ഈ സമയം തിരുവനന്തപുരത്തായിരുന്നു. ദൃശ്യങ്ങൾ ക്യാമറയിലൂടെ അവർക്ക് ലഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ 2.44 വരെ ക്യാമറയിൽ നിന്നും ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അതിൽ ഒരു ക്യാമറയിൽ ആരോ പോകുന്ന നിഴൽ കാണാമെന്ന് വീട്ടുടമ പറഞ്ഞു. അതിന് ശേഷമാകാം മുൻവശത്തെ ക്യാമറ നശിപ്പിച്ചതെന്നാണ് കരുതുന്നത്. നശിപ്പിച്ച ക്യാമറ വീടിന് സമീപത്തുനിന്നും കണ്ടെടുത്തു. വെള്ളിയാഴ്ച പുലർച്ചെ 3.40-വരെ അടുക്കളയിൽ വെളിച്ചം ഉണ്ടായിരുന്നതായി വീടിന് പുറക് വശത്തെ ക്യാമറയിൽ നിന്നും മനസ്സിലാകുന്നുണ്ട്. ഈ വീട്ടിലെ അടുക്കളയിൽ നിന്നാണ് പാത്രം എടുത്ത് മോഷ്ടാക്കൾ ഏലക്കാ കാപ്പിയിട്ട് കുടിച്ചത്.

