KSDLIVENEWS

Real news for everyone

‘ബിഗ് ബി’ക്ക് ഇന്ന് 80-ാം പിറന്നാള്‍; താരരാജാവിന് ആശംസകളുമായി സിനിമാലോകം

SHARE THIS ON

ഇന്ത്യന്‍ സിനിമാ ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എണ്‍പതാം പിറന്നാള്‍.ക്ഷോഭിക്കുന്ന യൗവ്വനത്തെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ ബച്ചന്‍ തലമുറകളില്ലാതെ ആരാധിക്കപ്പെടുകയാണ് രാജ്യം സ്വാതന്ത്ര്യത്തിനായി പോരാടുന്ന നാളുകളില്‍ പിറന്ന മകന് കവി ഹരിവംശ റായ് ബച്ചന്‍ ഇന്‍ക്വിലാബ് ശ്രീവാസ്തവ എന്ന് പേര് നല്‍കി. വിപ്ലവം അധികം വൈകാതെ അണയാത്ത വെളിച്ചമായി മാറി, അമിതാഭ്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ അണയാത്ത വെളിച്ചമായി ലോകസിനിമാപ്രേമികളുടെ ആദരവ് പിടിച്ചുപറ്റുന്ന ബിഗ് ബിയായി മാറി. കൊല്‍ക്കത്തയിലെ കപ്പല്‍ശാലയിലെ ജീവനക്കാരന്‍ ഇന്ത്യന്‍ സിനിമ അടക്കിവാണതാണ് അമിതാഭ് ബച്ചന്റെ ജീവിതകഥ. ആ ലക്ഷ്യത്തിലേക്ക് ബച്ചന്‍ താണ്ടിയ ദൂരമാകട്ടെ ഇന്ത്യന്‍ സിനിമയുടെയും യാത്രകൂടിയാണ്.

1969 ല്‍ മൃണാള്‍ സെന്നിന്റെ ഭുവന്‍ ഷോംമിലൂടെ ശബ്ദസാന്നിധ്യമറിയിച്ചായിരുന്നു തുടക്കം. സാത്ത് ഹിന്ദുസ്ഥാനിയിലെ ഏഴ് നായകന്‍മാരില്‍ ഒരാളായാണ് ബച്ചനെന്ന അഭിനയപ്രതിഭയെ സിനിമ അറിയുന്നത്. അന്ന് ലഭിച്ച മികച്ച പുതുമുഖ നടനുള്ള ദേശീയ പുരസ്‌കാരത്തില്‍ തുടങ്ങി് ഒടുവില്‍ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം വരെ എത്തി നില്‍ക്കുന്നു. അതിനിടയില്‍ പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുരസ്തകാരങ്ങളും അമിതാഭ് ബച്ചനെ തേടിയെത്തി.


കാമുകനായും കൊമേഡിനായും കൊലപാകിയായും വൈരുദ്ധ്യം നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്ത് അയാള്‍ സിനിമയില്‍ തന്റെ ഇടം ഉറപ്പിച്ചുകൊണ്ടേയിരുന്നു. ശബ്ദം കൊണ്ടും ശാരീരിക സൗന്ദര്യം കൊണ്ടും പ്രതിഭ കൊണ്ടും ഒരുപോലെ മിന്നിത്തിളങ്ങിയ നാളുകള്‍. ബച്ചന്‍ ഇന്ത്യന്‍ സിനിമയുടെ അരങ്ങുവാണപ്പോള്‍ തന്നെ ഗാഭീര്യം ഉള്ള പുരുഷന്റെ ശബ്ദത്തിന്റെ ഉദാത്ത മാതൃകയെന്ന് അയാളുടെ ശബ്ദവും അറിയപ്പെട്ടു തുടങ്ങി.

80കളുടെ പകുതിയില്‍ രാഷ്ട്രീയത്തിലെത്തിയ ബച്ചനെ ഇന്ത്യന്‍ രാഷ്ട്രീയം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഷഹെന്‍ഷയിലെ ടൈറ്റില്‍ കഥാപാത്രത്തിലൂടെ ബോക്‌സ് ഓഫീസ് ഹിറ്റ് സൃഷ്ടിച്ച്‌ 88 ല്‍ തിരികെ സിനിമയിലേക്കെത്തി. എന്നാല്‍ പിന്നീട് ഇറങ്ങിയ ചിത്രങ്ങളുടെ പതനത്തിലൂടെ അമിതാഭ് ബച്ചന്റെ താരശക്തി നഷ്ടമായെന്ന് നിരൂപകര്‍ എഴുതി തുടങ്ങി. 92 ലെ ഖുദാ ഗവാക്കപ്പുറം പിന്നീട് അഞ്ചുവര്‍ഷക്കാലം ബച്ചന്‍ സിനിമകളുടെ റിലീസ് ഉണ്ടായില്ല.

വാണിജ്യപരമായി നേട്ടമുണ്ടാക്കിയ മേജര്‍ സാബും നിരൂപക പ്രശംസ നേടിയ സൂര്യവംശവും ഒക്കെ സംഭവിച്ചതും പതനകാലഘട്ടത്തിലായിരുന്നു.. എന്നാല്‍ സിനിമയോടുള്ള ഭ്രമം അയാളെ പുതിയ പരീക്ഷണത്തിന് പ്രാപ്തനാക്കികൊണ്ടേയിരുന്നു. മൊഹബ്ബത്തേനില്‍ ഷാരൂഖ് ഖാന്റ കഥാപാത്രത്തിന്റെ എതിരാളിയായെത്തി വീണ്ടും ബിഗ് ബിയുടെ തേരോട്ടം.മേജര്‍ രവി ചിത്രം കാണ്ടഹാറിലൂടെ മലയാളത്തിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു.

നൂറ്റാണ്ടിന്റെ മഹാനടനെന്നും, മില്ലേനിയം സ്റ്റാറെന്നും തുടങ്ങിയ നിരവധി വിശേഷങ്ങളും അമിതാഭ് ബച്ചന് ആരാധകര്‍ സ്‌നേഹത്തോടെ ചാര്‍ത്തിക്കൊടുത്തു. അഭിനയത്തിനപ്പുറം സിനിമയിലും രാഷ്ട്രീയത്തിലും വ്യവസായത്തിലും സാമൂഹിക വിഷയങ്ങളിലും ഇടപെടുന്ന ബച്ചന്റെ ജീവിതകഥ ഇന്ത്യന്‍ സിനിമയുടേത് കൂടിയതാണ്. അതുകൊണ്ട് തന്നെയാണ് അയാളെ സിനിമാ ഇതിഹാസമെന്ന് ചേര്‍ത്ത് വിളിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!