ഗുജറാത്തില്‍ കോണ്‍ഗ്രസ് വിജയിക്കും, ആംആദ്മി പാര്‍ട്ടി മുകള്തട്ടിലേ ഉള്ളൂ, താഴെ തട്ടിലില്ല; രാഹുല്‍ ഗാന്ധി

ഹൈദരാബാദ്: വരുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആംആദ്മി പാര്‍ട്ടി സംസ്ഥാനത്ത് പരസ്യങ്ങള്‍ ഉപയോഗിച്ച് കോലാഹലമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. താഴെ തട്ടില്‍ അവര്‍ക്ക് യാതൊരു പിന്തുണയുമില്ല. സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികവോടെ മത്സരിക്കും. ആംആദ്മി പാര്‍ട്ടി മുകള്‍തട്ടില്‍ മാത്രമേയുള്ളൂ. താഴെതട്ടിലില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണ്’, രാഹുല്‍ ഗാന്ധി പറഞ്ഞു.
ശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളത്. ആംആദ്മി പാര്‍ട്ടി നല്കുന്ന പരസ്യങ്ങള്‍ ഉപയോഗിച്ച് മാധ്യമങ്ങള്‍ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് അവിടെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോവുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് 130പേര് അന്തരിച്ച വിഷയത്തില്‍ പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചു. സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തെലങ്കാനയില്‍ ടിആര്‍എസുമായി സഖ്യമുണ്ടാവാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു.
ടിആര്‍എസും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാവാനുള്ള ഒരു സാധ്യതയുമില്ല. ടിആര്‍എസിന്റെ അഴിമതി, രീതി, മനോഭാവം എന്നിവയുമായി കോണ്‍ഗ്രസിന് യോജിച്ചു പോവാന്‍ കഴിയില്ല. അവരെന്തെല്ലാം ചെയ്താലും ഞങ്ങള്‍ രണ്ട് പേരും രണ്ട് സ്ഥലങ്ങളില്‍ നില്‍ക്കുന്നവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ടിആര്‍എസിനെ ഭാരത് രാഷ്ട്ര സമിതിയായി കെ ചന്ദ്രശേഖര്‍ റാവു പുനര്‍നാമകരണം ചെയ്തതിനെ കുറിച്ചും രാഹുലിനോട് ചോദ്യമുയര്‍ന്നു. ഒരു ദേശീയ പാര്‍ട്ടിയെ, എന്തിന് ഒരു അന്താരാഷ്ട്ര പാര്‍ട്ടിയെ വരെ നയിക്കുന്നതായി ആലോചിക്കാന്‍ തെലങ്കാന മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി.

