സ്കൂളില്‍ വിദ്യാര്‍ഥികള്‍ 10 മിനിറ്റ് ധ്യാനിക്കണം; കര്‍ണാടകയില്‍ ഉത്തരവുമായി മന്ത്രി, എതിര്‍പ്പുമായി എസ്എഫ്ഐ

ബെംഗളൂരു: കര്‍ണാടകയിലെ എല്ലാ സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും ക്ലാസ് ആരംഭിക്കുന്നതിന് മുമ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് 10 മിനിറ്റ് ധ്യാനം നിര്‍ബന്ധമാക്കാന്‍ കര്‍ണാടക. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്കി. ശാരീരികവും മാനസികവുമായ പിരിമുറുക്കം കുറയ്ക്കാനും ഏകാഗ്രതയും ആരോഗ്യവും മെച്ചപ്പെടുത്താനും വിദ്യാര്‍ത്ഥികള്‍ ക്ലാസിന് മുമ്ബ് എല്ലാ ദിവസവും ധ്യാനിക്കണമെന്ന് മന്ത്രി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറഞ്ഞു. ചില സ്കൂളുകളില്‍ ഇതിനകം ധ്യാനം പരിശീലിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിയുടെ നിര്‍ദേശത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. മന്ത്രിയുടെ തീരുമാനം അടിച്ചേല്‍പ്പിക്കുകയാണെന്ന് വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. വി.പി. നിരഞ്ജനാരാധ്യ പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷന്‍ 29 (1) പ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ-പരിശീലന വകുപ്പിന്റെ യോഗ്യതയുള്ള അധികാരിക്ക് മാത്രമേ അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ വേണമെന്ന് തീരുമാനിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ നിര്‍ദ്ദേശത്തിനെതിരെ എസ്എഫ്ഐ രംഗത്തെത്തി. ഭഗവദ് ഗീതയും വേദ ഗണിതവും അവതരിപ്പിച്ച് സ്കൂള്‍ വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ധ്യാനത്തിന്റെ പേരില്‍ മതവത്കരിക്കുകയാണെന്നും എസ്എഫ്ഐ പ്രസിഡന്റ് അമരേഷ് കഡഗാഡ പറഞ്ഞു. ബിജെപിയുടെ അജണ്ട നടപ്പാക്കുന്നതിന് പകരം മികച്ചതും തുല്യവുമായ വിദ്യാഭ്യാസം നല്കുന്നതില് ശ്രദ്ധിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. എന്നാല്‍, ധ്യാനം മതപരമായ ആചാരമല്ലെന്ന് മന്ത്രി നാഗേഷ് മറുപടി പറഞ്ഞു. കൊവിഡിന് ശേഷം കുട്ടികള്‍ക്ക് ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെട്ടു. മൊബൈല്‍ ഫോണും ഇവര്‍ക്ക് ശീലമായി. ഈ സാഹചര്യം ശരിയാക്കാന്‍ കുട്ടികള്‍ക്ക് ധ്യാനം പലരും നിര്‍ദ്ദേശിച്ചു. ചിലര്‍ അതിനെ എതിര്‍ക്കുന്നു എന്നതിനാല്‍ നല്ല ആശയം ഉപേക്ഷിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

