പോപുലര്‍ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് മഅ്‌ദനി

ബെംഗളൂരു: യു.എ.പി.എ ചുമത്തപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന പോപുലര്‍ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന്‍റെ ചികിത്സക്കായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്‌ദനി. ഈയിടെ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യംതേടി ആദ്യം വിചാരണ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് എന്‍.ഐ.എ ഹൈക്കോടതിയെ അറിയിച്ചു. തന്‍റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അബൂബക്കര്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്. ചികിത്സാരേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഹരജി തള്ളുകയും എന്‍.ഐ.എ കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.
മഅ്‌ദനിയുടെ കുറിപ്പ്
യു.എ.പി.എ ചുമത്തപ്പെട്ട് തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന പോപുലര്‍ ഫ്രണ്ട് മുന്‍ നേതാവ് ജനാബ്. ഇ.അബൂബക്കറിന്‍റെ ആരോഗ്യനില അതീവമോശമാണെന്ന് അദ്ദേഹത്തിന്‍റെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നു. ക്യാന്‍സറും പാര്‍കിന്‍സണ്‍സും കടുത്ത പ്രമേഹവും ഉള്‍പ്പടെയുള്ള വിവിധ രോഗങ്ങള്‍ കൊണ്ട് അദ്ദേഹം വളരെ ബുദ്ധിമുട്ടുന്നു എന്നും കോടതി നിര്‍ദ്ദേശമുണ്ടായിട്ടും അദ്ദേഹത്തിന് ആവശ്യമായ ചികിത്സ നല്‍കുന്നില്ലായെന്നുമാണ് അദ്ദേഹത്തിന്‍റെ കുടുംബം പറഞ്ഞിരിക്കുന്നത്. സംഘടനാപരവും ആശയപരവും ആയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇത്തരം ഘട്ടങ്ങളില്‍ നിശബ്ദത പുലര്‍ത്തുന്നതിനുള്ള കാരണം ആയിക്കൂടാ. അദ്ദേഹത്തിന് അര്‍ഹമായ ചികിത്സ നല്‍കുന്നതിന് ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് അടിയന്തരമായ ഇടപെടല്‍ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
അബ്ദുന്നാസിര്‍ മഅ്‌ദനി, ബാംഗ്ലൂര്‍

