നടി നിമിഷ സജയൻ ലക്ഷങ്ങളുടെ നികുതി വെട്ടിച്ചു’: രേഖ പുറത്തുവിട്ട് സന്ദീപ് വാരിയർ

ഒറ്റപ്പാലം∙ നടി നിമിഷ സജയൻ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പു നടത്തിയത് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതിന്റെ രേഖകൾ പുറത്ത് വിട്ട് സന്ദീപ് വാരിയർ. നിമിഷയ്ക്ക് അയച്ച സമൻസ് പരിഗണിച്ച് ഹാജരായ ഇവരുടെ അമ്മ ഇതു സംബന്ധിച്ച് കുറ്റസമ്മതം നടത്തിയതായി സന്ദീപ് വാരിയർ ആരോപിച്ചു. ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തലെന്നും മറ്റു ചില ന്യൂജനറേഷൻ താരങ്ങളും സമാനമായ തട്ടിപ്പു നടത്തുന്നുണ്ടെന്നു വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, സന്ദീപിന്റെ ആരോപണം നിമിഷയുടെ അമ്മ ആനന്ദവല്ലി നിഷേധിച്ചു. ‘‘നിമിഷ നേരത്തെ ജിഎസ്ടി എടുത്തിട്ടുണ്ടായിരുന്നില്ല. കുറച്ച് നികുതി വന്നപ്പോൾ അവർ നോട്ടിസ് അയച്ചു. അതുകഴിഞ്ഞ് ഞങ്ങൾ ജിഎസ്ടി എടുത്തു. 2020–21 സമയത്താണ് എടുത്തത്. അതിനുശേഷമുള്ളതെല്ലാം ക്ലിയർ ആണ്. ഈ വിഷയത്തിൽ ഇതിൽ കൂടുതൽ പ്രതികരിക്കാനില്ല.’’ – ആനന്ദവല്ലി മനോരമ ഓൺലൈനോട് പറഞ്ഞു

