യുഡിഎഫിന് വൻ നേട്ടം; എൽഡിഎഫിന്റെ ഏഴും ബിജെപിയുടെ 2 സീറ്റും പിടിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം. 29 വാർഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 15 യുഡിഎഫ് സ്ഥാനാർഥികൾ ജയിച്ചു. 12 ഇടങ്ങളിൽ എൽഡിഎഫും രണ്ടിടത്ത് ബിജെപിയും ജയിച്ചു. എൽഡിഎഫിൽനിന്ന് ഏഴു സീറ്റുകളും ബിജെപിയിൽനിന്ന് രണ്ടു സീറ്റുകളുമാണ് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫിന്റെ രണ്ടു സീറ്റുകൾ എൽഡിഎഫും പിടിച്ചെടുത്തു. ബിജെപി ആലപ്പുഴയിൽ ഒരു സീറ്റ് എൽഡിഎഫിൽനിന്നു പിടിച്ചെടുത്തു. .
കൊല്ലം
∙ പേരയം പഞ്ചായത്തിലെ പത്താം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നിലനിർത്തി. ആകെ വോട്ട്: ലതാകുമാരി – (യുഡിഎഫ് 474), ജൂലിയറ്റ് നെൽസൺ (എൽഡിഎഫ് – 415), ജലജ കുമാരി (ബിജെപി – 34), ഗീതാകുമാരി (എഎപി–22)
∙ പൂതക്കുളം ഗ്രാമപഞ്ചായത്ത് കോട്ടുവൻകോണം വാർഡ് ബിജെപി നിലനിർത്തി
പത്തനംതിട്ട
∙ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കെമ്പങ്കേരി ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി അനീഷ് 220 വോട്ടിന് വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വൈകുന്നു. ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ 4 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് 686 വോട്ടിന് മുന്നിൽ. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ്.
ആലപ്പുഴ
∙ കാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ ബിജെപി ജയിച്ചു. സിപിഎം മൂന്നാം സ്ഥാനത്ത്. സിപിഎം അംഗം തുടർച്ചയായി യോഗങ്ങൾക്കു ഹാജരാകാത്തതിനാൽ അയോഗ്യനായതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ട് നില: ബിജെപി 286, കോൺഗ്രസ് 209, സിപിഎം 164.
∙ മുതുകുളം നാലാം വാർഡിൽ യുഡിഎഫ് ജയിച്ചു.
∙ ചെങ്ങന്നൂർ പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് നാടകീയ വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് വല്യാനൂർ 40 വോട്ടുകൾക്കാണ് സിപിഎം സ്വതന്ത്ര സ്ഥാനാർഥി ആശ വി.നായരെ പരാജയപ്പെടുത്തിയത്. ആശ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നതോടെ പഞ്ചായത്തംഗത്വം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കഴിഞ്ഞ തവണ ആശയോടു മത്സരിച്ചു പരാജയപ്പെട്ട ജോസ് വല്യാനൂരാണ് ഇത്തവണ ജയിച്ചത്. വോട്ട് നില: കോൺഗ്രസ് – 260, സിപിഎം – 220, ബിജെപി – 116
∙ പാലമേൽ 11-ാം വാർഡിൽ യുഡിഎഫ് ജയിച്ചു.
∙ എഴുപുന്ന നാലാം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി.
∙ തിരഞ്ഞെടുപ്പ് നടന്ന 5 വാർഡുകളിൽ യുഡിഎഫിന് ഒരു സീറ്റും ഇല്ലായിരുന്നു. ഇപ്പോൾ 3 സീറ്റ് നേടി.
ഇടുക്കി
∙ കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താൻ വാർഡ് യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.
∙ ഇളംദേശം ബ്ലോക്ക് വണ്ണപ്പുറം ഡിവിഷൻ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
∙ ശാന്തൻപാറ പഞ്ചായത്ത് തൊട്ടിക്കാനത്ത് എൽഡിഎഫ് സീറ്റ് നിലനിർത്തി.
∙ കരുണാപുരം പഞ്ചായത്ത് കുഴികണ്ടം വാർഡ് എൽഡിഎഫ് നിലനിർത്തി.
എറണാകുളം
∙ കീരംപാറ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫിനു പഞ്ചായത്ത് ഭരണം നഷ്ടമാകും.
∙ പൂതൃക്ക പഞ്ചായത്തിലും യുഡിഎഫ് ജയിച്ചു.
∙ പറവൂർ മുനിസിപ്പൽ വാർഡിൽ ബിജെപിയിൽനിന്നു എൽഡിഎഫ് സീറ്റ് പിടിച്ചു.
∙ വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥി മുന്നിൽ.
തൃശൂർ
∙ വടക്കാഞ്ചേരി നഗരസഭ മിണാലൂർ വാർഡിൽ യുഡിഎഫ് വിജയം. രണ്ടു തവണ സിപിഎം വിജയിച്ച വാർഡാണിത്. കോൺഗ്രസ് സ്ഥാനാർഥി ഉദയ ബാലനാണ് വിജയിച്ചത്. നഗരസഭ ഭരണത്തെ ബാധിക്കില്ല.
പാലക്കാട്
∙ കുത്തനൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് 381 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം. യുഡിഎഫ് സ്ഥാനാർഥി ആർ.ശശിധരനാണു സിപിഎമ്മിനെ തോൽപിച്ചത്
∙ അട്ടപ്പാടി പുതൂർ പഞ്ചായത്ത് കുളപ്പടിക വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐയിലെ വഞ്ചി കക്കി 32 വോട്ടിന് ജയിച്ചു
മലപ്പുറം
∙ മലപ്പുറം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 31–ാം വാർഡായ കൈനോട് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സി.ഷിജു 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 362 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ കുത്തനെ കുറഞ്ഞു. കൗൺസിലർ മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

