വിദ്യാർഥിയെ തീവ്രവാദി എന്നുവിളിച്ച സംഭവം: വലിയ വിഷയമല്ലെന്ന് കർണാടക മന്ത്രി

ബെംഗളൂരു: കോളേജധ്യാപകൻ ക്ലാസിൽ വിദ്യാർഥിയെ തീവ്രവാദിയെന്നു വിളിച്ചത് വലിയ വിഷയമല്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. മിക്കവരും രാവൺ, ശകുനി തുടങ്ങിയ വാക്കുകൾ ദിവസവും ഉപയോഗിക്കുന്നതാണ്. നിയമസഭയിൽ പോലും പലതവണ ഞങ്ങൾ ഇത്തരത്തിൽ സംസാരിച്ചിട്ടുണ്ട്. അത് വലിയ വിഷയമായി മാറാറില്ല. ആളുകൾ കസബ് എന്നു വിളിക്കുമ്പോൾമാത്രം എന്താണ് പ്രശ്നമെന്നും മന്ത്രി ചോദിച്ചു.
മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽസ് വിഭാഗം ഒന്നാംവർഷ വിദ്യാർഥി ഹംസയെ ആണ് കസബ് എന്നുവിളിച്ച് അസി. പ്രൊഫസർ രവീന്ദ്രനാഥ റാവു അധിക്ഷേപിച്ചത്. ഇക്കാര്യം വിദ്യാർഥി ചോദ്യംചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. റാവു ഹംസയോട് പേരുചോദിക്കുകയും പേരുകേട്ടപ്പോൾ നീ മുംബൈ ഭീകരാക്രമണ കേസിൽ പിടിയിലായ തീവ്രവാദി അജ്മൽ കസബിനെ പോലെയാണ് എന്നു പറയുകയുമായിരുന്നു.

