കേരളത്തിലെ മൂന്ന് സ്റ്റേഷനുകൾ വിമാനത്താവളംപോലെയാകും; ട്രെയിൻ വേഗംകൂടും

കൊച്ചി: സംസ്ഥാനത്തെ വിവിധ റെയിൽവേ വികസനപദ്ധതികൾ പെട്ടെന്ന് പൂർത്തിയാക്കാനും പുതിയ സാധ്യതകൾ കണ്ടെത്താനും കർമപദ്ധതിയുമായി റെയിൽവേ. എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം റെയിൽവേ സ്റ്റേഷനുകളുടെ വികസനപദ്ധതികൾക്കൊപ്പം നേമം സ്റ്റേഷൻ സാറ്റലൈറ്റ് സ്റ്റേഷനാക്കും. മൂന്നുസ്റ്റേഷനുകളും വിമാനത്താവളത്തിന്റെ സൗകര്യങ്ങളോടെയാണ് ഒരുക്കുക. ഷോപ്പിങ് ഏരിയ, കഫറ്റേറിയ, വെയ്റ്റിങ് റൂം, ബഹുനില പാർക്കിങ്, വൈഫൈ തുടങ്ങിയവയുണ്ടാകും.
എറണാകുളം സൗത്തിൽ ആറു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന 25 മീറ്റർ വീതിയുള്ള മേൽക്കൂരയും മെട്രോസ്റ്റേഷനിലേക്ക് എത്തുന്ന വാക്വേയും നിർമിക്കും ഇതിനായി സ്റ്റേഷനിലെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. എറണാകുളം സൗത്ത്, നോർത്ത്, സ്റ്റേഷനുകളിലെ വികസനം 2024 ജൂലായിൽ പൂർത്തിയാക്കും.

