യാത്രക്കിടെ പ്രസവവേദന അഭിനയിച്ച് വിമാനം അടിയന്തരമായി ഇറക്കി; 28 യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു

ബാഴ്സലോണ: ഗര്‍ഭിണിയായ സ്ത്രീക്ക് പ്രസവവേദനയെന്ന വ്യാജേന അടിയന്തരമായി ഇറക്കിയ വിമാനത്തില്‍ നിന്ന് 28 യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. സ്‌പെയിനിലെ ബാഴ്സലോണ വിമാനത്താവളത്തിലാണ് സംഭവം. വിമാനം നിലത്തിറക്കിയ ഉടനാണ് യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടത്. ഇതില്‍ ഗര്‍ഭിണിയടക്കം 14 പേരെ സ്പാനിഷ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനധികൃതമായി രാജ്യത്തേക്ക് കടന്ന ബാക്കി യാത്രക്കാര്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
പ്രാദേശിക സമയം പുലര്‍ച്ചെ 4.30 ന് മൊറോക്കയില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള പെഗാസസ് എയര്‍ലൈന്‍സ് വിമാനത്തിലാണ് ഗര്‍ഭിണിയായ സ്ത്രീക്ക് പ്രസവ വേദന ആരംഭിച്ചെന്ന് അറിയിച്ചത്. ബാഴ്സലോണയില്‍ അടിയന്തരമായി വിമാനം ലാന്‍ഡിംഗ് നടത്തണമെന്നും യാത്രക്കാരി അഭ്യര്‍ത്ഥിച്ചു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ഗര്‍ഭിണിയെ ഇറക്കാന്‍ ആംബുലന്‍സും മൂന്ന് പൊലീസ് പട്രോളിംഗും സ്ഥലത്തെത്തി. ഇതിനിടയിലാണ് 28 പേരടങ്ങുന്ന സംഘം രക്ഷപ്പെട്ടത്. കസ്റ്റഡിയിലെടുത്തവരില്‍ അഞ്ച് പേരെ ഇസ്താംബൂളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.
‘സ്ത്രീയെ പരിശോധനയ്ക്കായി സാന്റ് ജോന്‍ ഡി ഡ്യൂ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവര്‍ക്ക് പ്രസവവേദനയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് യാത്ര തടസപ്പെടുത്തിയതിനും പൊതു ജനജീവിതം താറുമാറാക്കിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്‌തെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച ആളുകള്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് സ്‌പെയിന്‍ വ്യക്തമാക്കിയിട്ടില്ല.
ഒരുവര്‍ഷത്തിനിടെ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മുമ്ബും ആരോഗ്യസ്ഥിതി മോശമാണെന്ന് പറഞ്ഞ് ഒരു യാത്രക്കാരന്‍ വിമാനം സ്‌പെയിനില്‍ അടിയന്തരമായി ഇറക്കുകയും ആറ് പേരടങ്ങുന്ന സംഘം വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുകയും ചെയ്തിരുന്നു.

