കാസർകോട് ടാറ്റ കോവിഡ് ആശുപത്രി; സ്പെഷ്യൽറ്റി പരിഗണനയിൽ, ആരോഗ്യവകുപ്പിന് ഭൂമി കൈമാറും

കാസർകോട്:
ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രിയിൽ എൻഡോസൾഫാൻ ദുരിതബാധിതരായവർ ഉൾപ്പെടെയുള്ള ദുർബലവിഭാഗങ്ങൾക്കും മറ്റുള്ളവർക്കും സ്പെഷ്യൽറ്റി ചികിത്സ ലഭ്യമാക്കുന്നതിനു സാധിക്കുന്ന ആശുപത്രിയായി ഉയർത്താൻ കഴിയുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കുന്നതായി സർക്കാർ.സി.എച്ച്.കുഞ്ഞമ്പു എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ് മിഷനുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനായി പുതിയ കെട്ടിടം ആവശ്യമാണെന്നും ഇതിന്റെ ഭാഗമായി 50 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കുന്നതിനുള്ള പ്രപ്പോസൽ പരിഗണനയിലുണ്ടെന്നും സർക്കാർ അറിയിച്ചു. കെട്ടിടത്തിനു പുറമേ സിടി, എംആർഐ ഉൾപ്പടെയുള്ള സ്കാനിങ് അടക്കം അത്യാവശ്യ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഫണ്ട് ലഭ്യമാക്കുവാൻ കഴിയുമോ എന്ന കാര്യവും പരിശോധിക്കുന്നതാണെന്ന് സർക്കാർ അറിയിച്ചു.ദീർഘകാലാടിസ്ഥാനത്തിൽ നിലവിലെ കെട്ടിടം ഉപയോഗിക്കാൻ കഴിയില്ലെന്നും പല പ്രശ്‌നങ്ങളും ഇപ്പോൾ തന്നെ ഇവിടെ അഭിമുഖീകരിക്കുന്നുണ്ടെന്നും എംഎൽഎയുടെ സബ്മിഷനു നൽകിയ മറുപടിയിൽ സർക്കാർ വ്യക്തമാക്കി.
ആരോഗ്യവകുപ്പിന് ഭൂമി കൈമാറും
ടാറ്റാ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി ചെമ്മനാട് പഞ്ചായത്തിൽ തെക്കിൽ വില്ലേജിൽ 4.12 ഏക്കർ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കോവിഡ് ആശുപത്രി സ്ഥാപിച്ചത്. 2020 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ചു. 6 ബ്ലോക്കുകളിലായി 128 പ്രീഫാബ്രിക്കേറ്റഡ് സ്ട്രക്ചറിലുള്ള കണ്ടൈയ്‌നറുകളിലാണു നിർമാണം നടത്തിയിട്ടുള്ളത്. ഇതുവരെ ഇവിടെ 4987 കോവിഡ് രോഗികൾക്കു ചികിത്സ നൽകി. ജില്ലാ ഭരണകൂടം
12 കോടി രൂപ ചെലവഴിച്ച് ദേശീയപാതയിൽ നിന്ന് ആശുപത്രിയിലേക്കുള്ള അപ്രോച്ച് റോഡും നിർമിച്ചിരുന്നു.സ്ഥാപനം സ്ഥിതി ചെയ്യുന്ന 2.0307 ഹെക്ടർ ഭൂമി ആരോഗ്യവകുപ്പിനു കൈമാറുന്നതിന് റവന്യു വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്. കോവിഡ് കാലത്ത് ഈ ആശുപത്രിയിലേക്ക് 191 ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിച്ചിരുന്നു.ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ പിന്നീടു മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മാനസിക വെല്ലുവിളി നേരിടുന്ന രോഗികളുടെ ദിനപരിചരണത്തിനായുള്ള പകൽ വീട് ഇവിടെ നിലവിൽ പ്രവർത്തിച്ചു വരുന്നുണ്ട്. 28 രോഗികൾ പകൽ വീട്ടിൽ ഉണ്ട്. രണ്ട് ബ്ലോക്കുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

