ലഹരിമരുന്ന് പാഴ്‌സല്‍ വന്നെന്ന് ഫോണ്‍; കസ്റ്റംസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്, യുവതിയുടെ പണം നഷ്ടമായി

ബെംഗളൂരു: കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. സഞ്ജയ് നഗര്‍ സ്വദേശിയായ 30-കാരിയാണ് സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞദിവസം യുവതിക്ക് അജ്ഞാത നമ്പറില്‍നിന്ന് ഫോണ്‍ വന്നു. കസ്റ്റംസ് ആന്‍ഡ് നര്‍ക്കോട്ടിക്‌സ് വകുപ്പില്‍ നിന്നാണ് വിളിക്കുന്നതെന്നും തായ്വാനില്‍ നിന്ന് യുവതിയുടെ പേരില്‍ ലഹരിമരുന്നിന്റെ പാഴ്സല്‍ വന്നിട്ടുണ്ടെന്നും പറഞ്ഞു. അധികം താമസിയാതെ തന്നെ മറ്റൊരു നമ്പറില്‍ നിന്ന് മുംബൈ സൈബര്‍ ക്രൈം ബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വന്നു. നരേഷ് ഗുപ്ത എന്നാണ് വിളിച്ചയാള്‍ പരിചയപ്പെടുത്തിയത്. ഇയാള്‍ യുവതിയെ ചോദ്യം ചെയ്യുകയും നിയമനടപടിയെടുക്കുന്നതിനായി ആധാറിന്റെയും ബാങ്കിന്റെയും വിവരങ്ങള്‍ ചോദിക്കുകയും ചെയ്തു.
പിന്നീട് കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി 1.23 ലക്ഷം രൂപ ഇയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചുകൊടുത്തു. ഈ വിവരം യുവതി ബന്ധുക്കളോടും സുഹൃത്തുക്കളോടും വെളിപ്പെടുത്തു. പിന്നീട് ഇതേ നമ്പറില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും കിട്ടാതായതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.

