പരപ്പ മുഡൂർ അന്തർ സംസ്ഥാന അതിർത്തിയിലെ വാഹനാപകടം; കേരള പൊലീസ് കേസെടുത്തു

പരപ്പ(ദേലംപാടി) ∙ റോഡ് കേരളത്തിൽ, കാർ മറിഞ്ഞത് കർണാടകയിലേക്ക്!. കേസെടുക്കേണ്ടത് ഏത് പൊലിസെന്ന ആശയക്കുഴപ്പത്തിനിടയിൽ കേരള പൊലീസ് കേസെടുത്തു. പരപ്പയിൽ ഇന്നലെ വൈകിട്ടോടെ കാർ മറിഞ്ഞ് ഉമ്മയും മകളും മരിച്ച അപകടം ഇരു സംസ്ഥാനങ്ങളിലെയും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. അപകടം നടന്ന പ്രദേശത്തെ ഭൂഘടനയാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. റോഡിന്റെ ഒരു ഭാഗം കേരളവും മറുഭാഗം കർണാടകയുമാണ്.
അപകടം നടന്നയുടനെ മുടൂർ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കർണാടക പൊലീസ് എത്തിയെങ്കിലും റോഡ് കേരളത്തിലാണെന്നു പറഞ്ഞു തിരിച്ചുപോയി. അതു കഴിഞ്ഞ് ആദൂർ സിഐ എ.അനിൽ കുമാറും സംഘവും എത്തി. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കേസെടുക്കുന്നതിൽ അനിശ്ചിതത്വമായി. നേരത്തെ ഇവിടെ അപകടം നടന്നപ്പോൾ കർണാടക പൊലീസാണ് കേസെടുത്തതെന്നു നാട്ടുകാർ സിഐയെ അറിയിച്ചു.
കാർ മറിഞ്ഞ സ്ഥലം കർണാടകത്തിലാണെന്നു വില്ലേജ് ഓഫിസറും പറഞ്ഞതോടെ ആകെ ആശയക്കുഴപ്പമായി. എങ്കിലും ആദൂർ പൊലീസ് തന്നെ കേസെടുക്കാൻ തീരുമാനിച്ചു. കർണാടകത്തിലാണ് അപകടം നടന്നതെന്നു കണ്ടാൽ കേസ് അവർക്കു കൈമാറാണ് ആദൂർ പൊലീസിന്റെ തീരുമാനം. ഗാളിമുഖ മുതൽ പഞ്ചിക്കൽ വരെ കേരളവും കർണാടകയും ഇടചേർന്നു നിൽക്കുന്നത് പലപ്പോഴും ആശയക്കുഴപ്പങ്ങൾക്ക് വഴിയൊരുക്കാറുണ്ട്.

