KSDLIVENEWS

Real news for everyone

ചട്ടഞ്ചാൽ ഓക്സിജൻ പ്ലാന്റിൽ ഉത്പാദനം തുടങ്ങി

SHARE THIS ON

പൊയിനാച്ചി : ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ചട്ടഞ്ചാലിലെ വ്യവസായ എസ്റ്റേറ്റിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റിൽ ഒടുവിൽ ഓക്സിജൻ വിതരണം ഭാഗികമായി തുടങ്ങി. വ്യവസായമേഖലയ്ക്ക് പരിഗണന നൽകിയാണ് തുടക്കത്തിൽ ഉത്പാദനം. സ്വന്തമായി സിലിൻഡറുകളുള്ള വ്യവസായ സ്ഥാപനങ്ങൾ വാഹനത്തിൽ സിലിഡറുകളുമായി എത്തിയാൽ നിറച്ചുനൽകും. അതിനായി ജില്ലയിലെ വിവിധ ഏജൻസികളുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലിൽ ഉദ്ഘാടനം നടത്തിയിട്ടും പ്ലാന്റിൽ ഇതുവരെ ഉത്പാദനം തുടങ്ങാത്തതിനെപ്പറ്റി തിങ്കളാഴ്ച ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അന്തരീക്ഷവായുവിൽനിന്ന് ദിവസേന 200 സിലിൻഡർ ഓക്സിജൻ ഉത്പാദിപ്പിക്കാവുന്ന അത്യാധുനിക സംവിധാനമുള്ള പ്ലാന്റാണിത്. കോവിഡ് കാലത്താണ് 2.97 ചെലവഴിച്ച് ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്.


ആസ്പത്രികൾക്കുള്ള പ്രാണവായു ലഭ്യത ഉറപ്പുവരുത്തുകയായിരുന്നു പ്ലാന്റിന്റെ മുഖ്യ ഉദ്ദേശ്യമെങ്കിലും കോവിഡിനുശേഷം ആവശ്യം കുറഞ്ഞതോടെ വ്യവസായങ്ങൾക്ക് മുൻഗണന നൽകുകയായിരുന്നു. പക്ഷേ, വ്യവസായങ്ങൾക്ക് ഓക്സിജൻ നിറച്ചുനൽകാൻ പ്ലാന്റിൽ സിലിഡറുകൾ ഇല്ല. ടെൻഡർ വിളിച്ച് സിലിഡറുകൾ എത്തിക്കാൻ ഇനിയും സമയമെടുക്കും. ഇതേതുടർന്നാണ് സിലിഡറുമായി എത്തുന്നവർക്ക് ഓക്സിജൻ നൽകാൻ തീരുമാനം. ആദ്യവിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ, ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ കെ.പി. സജീർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!