KSDLIVENEWS

Real news for everyone

ഒരുങ്ങുന്നത്‌ 5,749 എണ്ണം : ഓരോ വീട്ടിലും മാലിന്യം റിങ്ങിലൊതുക്കാൻ കാസർകോട് നഗരസഭ

SHARE THIS ON

കാസർകോട് : ജൈവമാലിന്യ സംസ്കരണത്തിന് ഓരോ വീട്ടിലും റിങ് കമ്പോസ്റ്റിങ് രീതിക്ക് വഴിയൊരുക്കുകയാണ് കാസർകോട് നഗരസഭ. റിങ് കമ്പോസ്റ്റിങ്ങിനായി രണ്ടു റിങ്ങുകൾ വീതം വീടുകളിൽ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങിക്കഴിഞ്ഞു. ലഭ്യമായ അപേക്ഷകളുടെ അടിസ്ഥാനത്തിൽ 5,749 റിങ്ങാണ് നിർമിക്കുന്നത്. 2023 മാർച്ചിനുള്ളിൽ റിങ്ങുകളുടെ നിർമാണവും വിതരണവും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. 1000 ബയോ കമ്പോസ്റ്റ് ബിന്നുകളും വീടുകളിൽ വിതരണം ചെയ്തുതുടങ്ങി. 150 രൂപയ്ക്കാണ് ബിന്നുകൾ ഉപയോക്താക്കൾക്ക് നൽകുന്നത്.

റിങ് കമ്പോസ്റ്റിങ് രീതി

: ഫെറോ സിമന്റ് സ്ലാബും ഫെറോസിന്റെ റിങ്ങും ഉപയോഗിച്ച് ലളിതമായി ചെയ്യുന്ന ജൈവമാലിന്യ സംസ്കരണരീതിയാണ് റിങ് കമ്പോസ്റ്റിങ്. വീടിന്റെ അടുക്കളവശത്തോ അനുയോജ്യമായ മറ്റെവിടെയെങ്കിലും റിങ്ങുകൾ സ്ഥാപിക്കാം.
റിങ്ങുകളുടെ വ്യാസത്തിന് അനുസരിച്ചുള്ള ഒരു ഫെറോ സിമന്റ് സ്ലാബ് അടിയിൽ സ്ഥാപിക്കുന്നത് പെരുച്ചാഴി ശല്യം തടയുന്നതിനും മഴക്കാലത്ത് വെള്ളം കയറുന്നത് ഒഴിവാക്കുന്നതിനും സഹായിക്കും. മാലിന്യം ഉള്ളിലേക്കിടാൻ പാകത്തിലുള്ള വ്യാസത്തിൽ ദ്വാരമുള്ള മറ്റൊരു സ്ലാബ് കൊണ്ട് റിങ്ങുകൾ മൂടിവെക്കണം.

ഊറിവരുന്ന വെള്ളം പോകാൻ റിങ്ങിന് താഴെ ഒരിഞ്ച് വ്യാസത്തിൽ സുഷിരമുണ്ടാകും. അതുവഴി വരുന്ന വെള്ളം ചെടികൾക്ക് വളമായി ഉപയോഗിക്കാം. ഉള്ളിൽ കുറച്ച് ചാണകവും ഉണക്കയിലകളും വിതറുക. അതിലേക്ക്‌ അതത് ദിവസങ്ങളിലെ ജൈവമാലിന്യം ഈർപ്പം ഒഴിവാക്കി നിക്ഷേപിക്കാം.

ശേഷം ഒരു വടി ഉപയോഗിച്ച് മാലിന്യം നിരത്തിയിടുക. ഒരുപിടി ചകിരിച്ചോറോ, അറക്കപ്പൊടിയോ, കരിയിലയോ, ചാണകപ്പൊടിയോ ദിവസവും മാലിന്യത്തിന് മുകളിൽ വിതറുന്നത് നല്ലതാണ്. ഒന്നാമത്തെ റിങ് മുക്കാൽഭാഗം നിറഞ്ഞുകഴിഞ്ഞാൽ ഇതേ രീതിയിൽ രണ്ടാമത്തെ റിങ്ങിൽ ജൈവമാലിന്യം നിക്ഷേപിച്ച് തുടങ്ങാം. രണ്ടാമത്തെ റിങ്ങും നിറഞ്ഞുകഴിയുമ്പോൾ ആദ്യത്തേതിൽ കമ്പോസ്റ്റ് തയ്യാറായിട്ടുണ്ടാകും. അത് നീക്കി വീണ്ടും പഴയരീതിയിൽ മാലിന്യനിക്ഷേപം തുടരാം. തയ്യാറായ കമ്പോസ്റ്റ് വളമായി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!