തൃക്കരിപ്പൂർ ഇൻഡോർ സ്റ്റേഡിയം നിർമാണം ദ്രുതഗതിയിൽ

തൃക്കരിപ്പൂർ ∙ ജില്ലയ്ക്ക് അനുവദിച്ച രാജ്യാന്തര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം തൃക്കരിപ്പൂരിലെ നടക്കാവിൽ പുരോഗമിക്കുന്നു. നീന്തൽ കുളം നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയെന്നു ബന്ധപ്പെട്ടവർ വിശദീകരിച്ചു. നീന്തലിൽ രാജ്യാന്തര തലത്തിൽ മത്സരങ്ങൾ നടത്താവുന്ന വിധമാണ് ഒരുക്കുന്നത്. നീന്തൽ പഠിക്കുന്നതിനും വാട്ടർ പോളോ, കനോയ് പോളോ, അണ്ടർവാട്ടർ ഹോക്കി, അണ്ടർവാട്ടർ റഗ്ബി, ഫിൻസ്, സ്പോർട്സ് ഡൈവിങ് തുടങ്ങിയ അണ്ടർവാട്ടർ സ്പോർട്സുകൾക്കും ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കുള്ള പരിശീലനവും ഇവിടെ നടക്കും. ജില്ലയിലെ ആദ്യത്തെ സെമി ഒളിംപിക് നീന്തൽ കുളമാണ് തൃക്കരിപ്പൂരിൽ ഒരുങ്ങുന്നത്.
സംസ്ഥാനത്തെ 14 ജില്ലകളിലും കഴിഞ്ഞ ഇടതുമുന്നണി സർക്കാർ ഇൻഡോർ സ്റ്റേഡിയങ്ങൾ അനുവദിക്കുകയുണ്ടായി. കായിക മേഖലയിൽ മികച്ച സംഭാവന നൽകിയവരുടെ സ്മരണയ്ക്കാണ് ഓരോ ജില്ലയിലും ഇൻഡോർ സ്റ്റേഡിയങ്ങൾ അനുവദിച്ചത്. എംആർസി വെല്ലിങ്ടന്റെ മുൻകാല താരവും ഫുട്ബോൾ പരിശീലകനുമായ എംആർസി കൃഷ്ണന്റെ സ്മരണയ്ക്കാണ് കാസർകോട് ജില്ലയിൽ അനുവദിച്ചത്.കിഫ്ബിൽ ഉൾപ്പെടുത്തി 29.32 കോടി രൂപ ചെലവിലാണ് ജില്ലയുടെ സ്വപ്ന പദ്ധതി ഒരുങ്ങുന്നത്. എം.രാജഗോപാലൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് കായികരംഗത്ത് കീർത്തിയുള്ള തൃക്കരിപ്പൂരിനു ഈ പദ്ധതി അനുവദിച്ചു കിട്ടിയത്.
നിർമാണത്തിനാവശ്യമായ 10 ഏക്കറിൽ പരം ഭൂമി തൃക്കരിപ്പൂർ പഞ്ചായത്ത് വിട്ടു നൽകിയതാണ്. രാജീവ് ഗാന്ധി സ്മാരക സിന്തറ്റിക് ഫുട്ബോൾ സ്റ്റേഡിയത്തോട് ചേർന്നാണ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതെന്ന പ്രത്യേകതയും ഒപ്പം 2 സ്റ്റേഡിയങ്ങളും ചേർന്നു നിൽക്കുന്നതിന്റെ സൗന്ദര്യവും സൗകര്യവുമുണ്ട്. ഫുട്ബോളിൽ രാജ്യാന്തര തലത്തിൽ ഒന്നിലേറെ താരങ്ങളെ സമർപ്പിച്ച തൃക്കരിപ്പൂരിൽ ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി പൂർത്തിയാക്കി തുറന്നു കൊടുക്കുന്നതോടെ കായിക രംഗത്ത് ജില്ലക്ക് കുതിച്ചു ചാട്ടമുണ്ടാകും.

