അവര്‍ നന്നായി പരിചരിക്കുന്നു; കേരളത്തിലെ ചികിത്സയ്ക്ക് നന്ദി പറഞ്ഞ് സ്പാനിഷ് സൈക്കിള്‍ യാത്രികന്

തൃശ്ശൂർ: “ഓരോ തവണയും ആശുപത്രിമുറിയുടെ അകത്തേക്ക് പോകുമ്പോൾ, (അവർ എന്നെ അകത്തേക്ക് കടത്തിവിടുമ്പോൾ), മരിയയെ കാണുമ്പോൾ, ഞാൻ അക്ഷരാർഥത്തിൽ എല്ലാം മറക്കുന്നു. ഞാൻ അവൾക്കുവേണ്ടി പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു. ഇത് ഒരു നീണ്ട പ്രക്രിയയാണ്, പക്ഷേ ഞങ്ങൾ ഒരുമിച്ച് നേരിടാൻ പോകുന്നു” – ലൂയിസ് ട്വിറ്ററിൽ കുറിച്ചു.
ചാവക്കാട്ട് അപകടത്തിൽപ്പെട്ട സ്പാനിഷ് സൈക്കിൾ യാത്രിക മരിയയുടെ പങ്കാളിയാണ് ലൂയിസ്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മരിയ ഐ.സി.യു.വിലാണ്. ആശുപത്രിക്കാർ മരിയയെ നന്നായി പരിചരിക്കുന്നുണ്ടെന്നും തനിക്ക് കിടക്കയുള്ള ഒരു മുറി കിട്ടിയിട്ടുണ്ടെന്നും ലൂയിസ് ട്വിറ്ററിൽ കുറിച്ചു.
സൈക്കിളിൽ ലോകം ചുറ്റുന്ന ദന്പതിമാർ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിസംബർ 21-നാണ് ചാവക്കാട്ട് അപകടത്തിൽപ്പെട്ടത്. പുതുവർഷദിനത്തിൽ ഗോവയിലെത്തേണ്ടിയിരുന്നതിനാൽ ബെക്കിലായിരുന്നു യാത്ര. ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. മരിയയുടെ കാലിലെ എല്ലുകൾ ഒടിഞ്ഞു. നട്ടെല്ലിനും പരിക്കേറ്റു.

