അർജുൻ ആയങ്കിയുടെ സഹോദരൻ പിടിയിൽ, ടോൾപ്ലാസ കടന്ന് ആയങ്കി; വാഹനം മാറിമാറിക്കയറി കബളിപ്പിച്ച് യാത്ര

തൃശ്ശൂർ: പോലീസിനെ വെല്ലുവിളിച്ച് മുങ്ങി നടക്കുന്ന അർജുൻ ആയങ്കി തൃശ്ശൂരിൽ എത്തിയതായി വിവരം. അർജുൻ ആയങ്കി കാറിൽ പന്നിയങ്കര ടോൾ പ്ലാസ കടക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു. ഇതിനിടെ അർജുൻ ആയങ്കിയുടെ സഹോദരനേയും യാത്ര ചെയ്തിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃശ്ശൂരിനും പാലക്കാടിനും ഇടയ്ക്കുള്ള പന്നിയങ്കര ടോൾ പ്ലാസ കടന്ന് അർജുൻ ആയങ്കി തൃശ്ശൂരിലേക്ക് എത്തിയതായാണ് വിവരം. സിസിടിവി ഉൾപ്പെടെയുള്ളവയുടെ പരിശോധനയ്ക്ക് ശേഷമാണ് അന്വേഷണസംഘം ഇക്കാര്യം സ്ഥിരീകരിച്ചത്. വാഹനം തൃശ്ശൂർ നഗരത്തിലെത്തിയെന്ന കൃത്യമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ വാഹനം തൃശ്ശൂരിൽ എത്തിയപ്പോൾ അതിൽ അർജുൻ ആയങ്കി ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നുള്ള ദൃശ്യത്തിൽ അർജുൻ ആയങ്കി വാഹനം ഓടിക്കുന്നത് കാണാം. തൊട്ടടുത്തായി മറ്റൊരാൾ ഇരിക്കുന്നതും വ്യക്തമാണ്. ഇയാൾ വാഹനങ്ങൾ ഇടയ്ക്കിടെ മാറിക്കയറുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രണ്ടുതവണ അർജുൻ ആയങ്കി ഇത്തരത്തിൽ വാഹനം മാറിക്കയറി യാത്ര തുടർന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തൃശ്ശൂർ നഗരത്തിലെത്തിയത് പോലീസിനെ കബളിപ്പിക്കാൻ വേണ്ടിയാണോ എന്നും സംശയമുണ്ട്. ഹോദരനുൾപ്പെടുന്ന സംഘം തൃശ്ശൂർ നഗരത്തിൽ എത്തുമ്പോൾ പോലീസിന്റെ ശ്രദ്ധ മുഴുവനും തൃശ്ശൂർ നഗരത്തിലെത്തുകയും അതുവഴി മറ്റേതെങ്കിലും ഭാഗത്തുകൂടി അർജുൻ ആയങ്കി കടന്നു കളയാനുള്ള പദ്ധതി ഉണ്ടോ എന്നും സംശയിക്കുന്നുണ്ട്.
പോലീസിനെ കബളിപ്പിക്കാൻ വേണ്ടി ഇത്തരത്തിൽ നാടകം കളിച്ചതാണോ എന്ന സംശയവും പോലീസ് ഉയർത്തുന്നുണ്ട്.
അർജുൻ ആയങ്കിയുടെ സഹോദരനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരം ലഭിക്കുമെന്നാണ് വിവരം. നേരത്തെ അർജുൻ ആയങ്കിയുടെ രണ്ട് സുഹൃത്തുക്കളെ മൂവാറ്റുപ്പുഴയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു.

