KSDLIVENEWS

Real news for everyone

ജില്ലാ ആശുപത്രിക്ക് അഭിമാനമായി കാത്ത് ലാബിൽ ആദ്യ ആൻജിയോപ്ലാസ്റ്റി

SHARE THIS ON

കാഞ്ഞങ്ങാട് : സമയം രാവിലെ 8.30. രോഗിയുമായി സ്ട്രക്ച്ചർ കാത്ത് ലാബിനുള്ളിലേക്ക് നീങ്ങുന്നു. വാതിൽ അടഞ്ഞു. രോഗിയുടെ ഭാര്യ അടക്കം അടുത്ത ബന്ധുക്കളായ മൂന്നുപേർ പുറത്തെ ബെഞ്ചിലിരിക്കുന്നു.

കൃത്യം 9.52-ന് കാത്ത്‌ലാബിന്റെ വാതിൽ വീണ്ടും തുറന്നു. അഭിമാനനിമിഷത്തിന്റെ സന്തോഷച്ചിരിയുമായി രോഗിയെ കിടത്തിയ സ്ട്രക്ച്ചറിനൊപ്പം കാർഡിയോളജിസ്റ്റ് ഡോ. രാജിരാജനും സംഘവും പുറത്തേക്ക്. തൊട്ടടുത്തുള്ള തീവ്രപരിചരണവിഭാഗത്തിലേക്ക് രോഗിയെ മാറ്റുന്നു.

അൽപ്പനിമിഷത്തിനകം സന്തോഷവും അഭിമാനനിമിഷവും പങ്കുവെച്ച് ഡോക്ടറെയും സംഘത്തെയും അഭിനന്ദനമറിയിക്കാൻ ആസ്പത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശും ഡെപ്യൂട്ടി സൂപ്രണ്ട് ടി.വി. ചന്ദ്രമോഹനനും ആർ.എം.ഒ. ശ്രീജിത് മോഹനനും എത്തി.

ജില്ലാ ആസ്പത്രിയുടെ ചരിത്രത്തിൽ സുവർണദിവസമായിരുന്നു ചൊവ്വാഴ്ച. സർക്കാർ സംവിധാനത്തിൽ ജില്ലയിൽ ആദ്യമായി ഒരു രോഗിക്ക് വിജയകരമായി ആൻജിയോപ്ലാസ്റ്റി നടത്തിയെന്നതാണ് പ്രത്യേകത.

പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശിയായ അറുപതുകാരനാണ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായത്. രോഗി 48 മണിക്കൂറുകൾ സൂക്ഷ്മനിരീക്ഷണത്തിലായിരിക്കും. സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ സൗജന്യമായാണ് ആൻജിയോപ്ലാസ്റ്റി നടത്തിയത്.

ആൻജിയോ പ്ലാസ്റ്റി

ഹൃദയ രക്തധമനികളിലുണ്ടാകുന്ന തടസ്സങ്ങൾ എളുപ്പത്തിൽ കണ്ടെത്തി ചികിത്സ തേടുന്നതിന് ഏറെ ഉപയോഗപ്രദമായ മാർഗമാണ് ആൻജിയോഗ്രാം. പരിശോധനയിലൂടെ കണ്ടെത്തുന്ന തടസ്സം നീക്കുന്നത് ആൻജിയോപ്ലാസ്റ്റിയിലൂടെയാണ്. ഈ നൂതന ചികിത്സാസൗകര്യമാണ് ജില്ലാ ആസ്പത്രിയിൽ പ്രവർത്തനസജ്ജമായത്. സംസ്ഥാന സർക്കാരിന്റെ എട്ട്‌കോടി പദ്ധതി വിഹിതം ഉപയോഗിച്ചാണ് കാത്ത്‌ലാബ് ഒരുക്കിയത് . സങ്കീർണമായ ഹൃദയചികിത്സകൾക്ക് ഇതര ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും ആസ്പത്രികളെ ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമായി മാറും. നിലവിൽ കാത്ത്‌ലാബ് സി.സി.യു.വിൽ ഏഴ് കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്.

സീനിയർ നഴ്‌സിങ് ഓഫീസർ പ്രിൻസി ജോസഫ്, നഴ്‌സിങ് ഓഫീസർമാരായ ഷീജ ജോർജ്, പി. രമ്യ, എം. ദിവ്യ, ടെക്‌നിഷ്യൻമാരായ അഖിൽകുമാർ, അമൃത എന്നിവർ ശസ്ത്രക്രിയയിൽ സഹായികളായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!