10 ലക്ഷം ടണ്‍ റേഡിയോ ആക്ടീവ് ജലം കടലിലേക്ക്, ആശങ്കയോടെ ലോകം

ടോക്കിയോ : തകര്‍ന്ന ഫുകുഷിമ ആണവോര്‍ജ്ജ പ്ലാന്റില്‍ നിന്ന് 10 ലക്ഷം ടണ്‍ ജലം ഈ വര്‍ഷം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുമെന്ന് ജപ്പാന്. ശുദ്ധീകരണ പ്രക്രിയകളിലൂടെ കടന്നുപോകുന്ന ജലത്തില്‍ റേഡിയോ ആക്ടീവ് കണങ്ങളുടെ സാന്നിദ്ധ്യം അപകടകരമായ തരത്തില്‍ ഇല്ലെന്ന് ഉറപ്പിച്ചതായി അധികൃതര്‍ പറയുന്നു. 2011 മാര്‍ച്ച് 11ന് ജപ്പാനെയും അയല്‍ രാജ്യങ്ങളെയും വിറപ്പിച്ച് റിക്ടര്‍ സ്കെയിലില്‍ 9 തീവ്രതയിലെ ഭൂചലനം ഉണ്ടാവുകയും തൊട്ടുപുറകെ 40 മീറ്റര്‍ ഉയരത്തില്‍ കൂറ്റന്‍ സുനാമി തിരകള്‍ ആഞ്ഞുവീശുകയും ചെയ്തു. സുനാമിയുടെ ഫലമായി ഏകദേശം 20,000ത്തോളം പേരാണ് അന്ന് ജപ്പാനില്‍ മരിച്ചത്. സുനാമി തിരകള്‍ ഫുകുഷിമ ആണവനിലയത്തിലേക്കും ഇരച്ചുകയറി. റിയാക്ടറുകള്‍ ചൂടായി ഉരുകി റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും ആണവ നിലയത്തിന് പുറത്തേക്ക് പ്രവഹിക്കുകയും ഒടുവില്‍ പൊട്ടിത്തെറിയില്‍ കലാശിക്കുകയുമായിരുന്നു. ഈ വര്‍ഷം വേനല്‍ക്കാലത്തോ വസന്തകാലത്തോ ആകും ജലം പുറന്തള്ളുക. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീയതി തീരുമാനിക്കും.
പ്രതിദിനം, 100 ക്യുബിക് മീറ്റര്‍ മലിനജലമാണ് പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്നത്. ഭൂഗര്‍ഭ ജലം, ഉപ്പുവെള്ളം, റിയാക്ടറുകളെ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം എന്നിവയുടെ മിശ്രിതമാണിത്. ഇത് ഫില്‍ട്ടര്‍ ചെയ്ത് ഭീമന് ടാങ്കുകളില്‍ സൂക്ഷിക്കും. ഇത്തരത്തില്‍ 13 ലക്ഷം ക്യുബിക് മീറ്റര്‍ ജലം ഫുകുഷിമയിലുണ്ട്. സംഭരണശേഷി ഏകദേശം പൂര്‍ത്തിയായി.
മലിന ജലത്തിലെ റേഡിയോ ആക്ടീവ് ഐസൊടോപ്പുകളില് കൂടുതലും ശുദ്ധീകരിച്ച് മാറ്റുന്നുണ്ടെങ്കിലും ട്രിറ്റിയത്തിന്റെ അളവ് കൂടുതലാണ്. ട്രിറ്റിയം ജലത്തില്‍ നിന്ന് വേര്‍തിരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വളരെയധികമായാല്‍ മാത്രമാണ് ട്രിറ്റിയം മനുഷ്യന് ദോഷം ചെയ്യുക.
നിലവില്‍ ഫുകുഷിമയില്‍ സൂക്ഷിച്ചിരിക്കുന്ന ജലം കടലില്‍ തള്ളുന്നത് സുരക്ഷിതമാണെന്ന് ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയും അംഗീകരിച്ചിട്ടുണ്ടെങ്കിലും അയല്‍രാജ്യങ്ങള്‍ ഭീതിയിലാണ്. നിലയത്തിലെ ആണവ റിയാക്ടറുകളുടെ ഡിക്കമ്മിഷനിംഗ് ആരംഭിച്ചെങ്കിലും ഇത് പൂര്‍ണ്ണമാകാന്‍ നാല് ദശാബ്ദത്തോളം വേണ്ടി വരും. മത്സ്യത്തൊഴിലാളികളും ജപ്പാനെതിരെ രംഗത്തെത്തി. ജപ്പാന്റെ ഭാഗത്ത് വ്യക്തതയില്ലെന്ന് പസഫിക് ഐലന്‍ഡ്സ് ഫോറം വിമര്‍ശിച്ചു.
ഞെട്ടിച്ച ദുരന്തം
1986ലെ ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ അപകടങ്ങളില്‍ ഒന്നായിരുന്നു ഫുകുഷിമയിലേത്. പൊട്ടിത്തെറിക്ക് പിന്നാലെ ആണവ വികിരണം സമീപ പ്രദേശങ്ങളിലേക്ക് പ്രവഹിച്ചു.
ഫുകുഷിമ റിയാക്ടറിലെ സ്ഫോടനത്തില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിരുന്നില്ലെങ്കിലും ആണവ വികിരണമേറ്റതിന്റെ ഫലമായി കാന്‍സര്‍ ബാധിച്ച് ഒരു മരണം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ലക്ഷത്തോളം പേരെ ഫുകുഷിമയില്‍ നിന്ന് ഉടന്‍ മാറ്റിത്താമസിപ്പിച്ചിരുന്നു.

