ആർ.എസ്.പി.യിൽ നേതൃമാറ്റം വരുന്നു; ഷിബു ബേബിജോൺ സെക്രട്ടറിയാകും

“കൊല്ലം: ആർ.എസ്.പി. സംസ്ഥാന കമ്മിറ്റിയിൽ നേതൃമാറ്റത്തിനു വഴിയൊരുങ്ങുന്നു. നിലവിലെ സംസ്ഥാന സെക്രട്ടറി എ.എ.അസീസ് സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുൻമന്ത്രി ഷിബു ബേബിജോൺ പുതിയ സെക്രട്ടറിയാകും. അടുത്തമാസം സ്ഥാനമാറ്റം ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും അതിനു മുന്നോടിയായുള്ള മണ്ഡലം, ജില്ലാ സമ്മേളനങ്ങളിലും നേതൃമാറ്റത്തിന് ആവശ്യമുയർന്നിരുന്നു. ഷിബു ബേബിജോണിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. ഒരുതവണകൂടി സെക്രട്ടറിയായി തുടരാൻ മുതിർന്ന നേതാവ് എ.എ.അസീസ് താത്പര്യം പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെത്തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിനില്ലെന്ന് ഷിബു ബേബിജോൺ വ്യക്തമാക്കുകയും ചെയ്തു. ദേശീയസമ്മേളനം കഴിഞ്ഞതിനുശേഷം ഇക്കാര്യത്തിൽ പുനർവിചിന്തനമാകാമെന്ന് പാർട്ടിയിൽ ധാരണയുണ്ടായിരുന്നു. മറ്റ് ഇടതുപക്ഷ പാർട്ടികളെപ്പോലെ ആർ.എസ്.പി.യിലും ഭാരവാഹിത്വത്തിന് പ്രായപരിധി നിശ്ചയിക്കണമെന്നും ആവശ്യമുയർന്നു. ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ശക്തമായി പാർട്ടിയുടെ നിലപാടുകൾ പ്രഖ്യാപിക്കാൻ കഴിയുന്നില്ലെന്ന ഉൾപ്പാർട്ടി വിമർശനവുമുണ്ട്. പാർട്ടിക്ക് കൂടുതൽ ചടുലമായ നേതൃത്വം നൽകാൻ ഷിബുവിനു കഴിയുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറഞ്ഞത്.
ദേശീയ സമ്മേളനത്തിൽ പാർട്ടിയുടെ ബൈലോ ഭേദഗതിക്കും പ്രായപരിധി ഏർപ്പെടുത്തുന്നതിനെപ്പറ്റി പഠിക്കാനുമായി രണ്ടംഗസമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ല. ദേശീയ സമ്മേളനത്തെ തുടർന്ന് നടന്ന സംസ്ഥാന സമിതിയിൽ സ്ഥാനമൊഴിയുന്നതിനു സന്നദ്ധനാണെന്ന് എ.എ.അസീസ് അറിയിച്ചിരുന്നു..

