KSDLIVENEWS

Real news for everyone

‘ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് നടത്തരുത്’; അയോഗ്യനാക്കപ്പെട്ട എം.പി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍

SHARE THIS ON

ന്യൂഡല്‍ഹി: ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അയോഗ്യനാക്കപ്പെട്ട എം.പി. മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചു. വിചാരണക്കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലില്‍ ഹൈക്കോടതി വിധി പറയാനിരിക്കേ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മിഷന്‍ നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് മുഹമ്മദ് നാളെ ഫൈസലിന്റെ അഭിഭാഷകര്‍ ആവശ്യപ്പെടും. സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകന്‍ കെ.ആര്‍ ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. തനിക്കെതിരായ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താല്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകും. ഇക്കാര്യം സുപ്രീംകോടതിതന്നെ പല വിധികളിലും വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ മുഹമ്മദ് ഫൈസല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വധശ്രമക്കേസില്‍ കവരത്തിയിലെ കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരേ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹൈക്കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിലെ വിധിക്ക് കാത്തുനില്‍ക്കാതെ ഫെബ്രുവരി 27-ന് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ ഫൈസല്‍ ആരോപിച്ചിരിക്കുന്നത്. വിചാരണ കോടതി ശിക്ഷ വിധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിനെയും അപ്പീലില്‍ ഫൈസല്‍ വിമര്‍ശിക്കുന്നുണ്ട്. ഇത്തരം കേസുകളില്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നകാര്യം സുപ്രീം കോടതി വിശദമായി പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!