KSDLIVENEWS

Real news for everyone

റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സഞ്ചരിക്കുന്ന ലാബുകള്‍ ഉടന്‍: മന്ത്രി മുഹമ്മദ്‌ റിയാസ്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മ്മാണത്തിലുള്ള റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ സഞ്ചരിക്കുന്ന മൊബൈല്‍ ലാബുകള്‍ ഉടന്‍ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. ഇതിനായി പ്രത്യേകം തയ്യാറാക്കിയ മൂന്ന് വാഹനങ്ങള്‍ സജ്ജമായി. വൈകാതെ തന്നെ റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ മൊബൈല്‍ ലാബെത്തി പരിശോധന തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കെ ആന്‍സലന്‍ എംഎല്‍എ പരിപാടികളില്‍ അധ്യക്ഷനായി. നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ ഹൈടെക്ക് രീതിയില്‍ നവീകരണം പൂര്‍ത്തിയാക്കിയ രണ്ട് റോഡുകളാണ് സഞ്ചാരത്തിനായി തുറന്നത്. 6.6 കോടി രൂപ ചെലവഴിച്ചാണ് അതിയന്നൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഓലത്താന്നി – കൊടങ്ങാവിള – അവണാകുഴി റോഡുകളുടെ പണി പൂര്‍ത്തിയാക്കിയത്. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയെ അതിയന്നൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ആകെ ദൂരം 6.7 കിലോമീറ്ററാണ്. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നെയ്യാറ്റിന്‍കര കോടതി- ഓള്‍ഡ് അഞ്ചല്‍ ഓഫീസ് – അമരവിള റോഡുകളുടെ പണി പൂര്‍ത്തിയാക്കിയത്. ഈ റോഡിന്റെ ആകെ ദൈര്‍ഘ്യം 3.7 കിലോമീറ്ററാണ്. ആവശ്യമായ സ്ഥലങ്ങളില്‍ ഓട, കലുങ്ക്, സംരക്ഷണ ഭിത്തി എന്നിവ നിര്‍മ്മിച്ചും ഉപരിതലം ആധുനിക രീതിയില്‍ ബി എം & ബി സി, പ്രവൃത്തിചെയ്ത് നവീകരിച്ചും റോഡ് സുരക്ഷാ പ്രവൃത്തികള്‍ ചെയ്തുമാണ് ഇരു റോഡുകളുടെയും പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!