KSDLIVENEWS

Real news for everyone

14 തുരങ്കങ്ങള്‍, 86 ശതമാനം പാതയും തുരങ്കത്തിലൂടെ; സിക്കിമും റെയില്‍വേ ഭൂപടത്തിലേയ്ക്ക്

SHARE THIS ON

സിക്കിം-പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രാപ്രശ്‌നത്തിന് വലിയതോതില്‍ പരിഹാരമാകും പുതിയ പാത. പുതിയ റെയില്‍പാത പൂര്‍ത്തിയാകുന്നതോടെ എല്ലാ കാലവസ്ഥയിലും സിക്കിമിന് പുറത്തേക്കുള്ള ഗതാഗതവും ചരക്ക് നീക്കവും ഉറപ്പുവരുത്താന്‍ സാധിക്കും. സിക്കിമിലേയ്ക്ക് ഒരു ട്രെയിന്‍ യാത്ര നടത്തിയാലോ? നിലവില്‍ അത് സാധ്യമല്ലെങ്കിലും അടുത്ത് തന്നെ നമുക്ക് സിക്കിമിലേയ്ക്ക് ഒരു ട്രെയിന്‍ യാത്ര നടത്താനായേക്കും. അതേ, റെയില്‍വേ ലൈന്‍ കടന്നുചെല്ലാത്ത ഇന്ത്യന്‍ സംസ്ഥാനമെന്ന ദുഷ്‌പേര് ഇനി സിക്കിമിന് മറക്കാം. വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാനുള്ള ഇന്ത്യന്‍ റെയില്‍വേ സ്വപ്‌ന പദ്ധതി നിര്‍മാണഘട്ടത്തിലാണ്. പശ്ചിമബംഗാളിലെ സിവോക്കിനെയും സിക്കിമിലെ രംഗ്‌പോയെയും ബന്ധിപ്പിക്കുന്ന റെയില്‍വെ ലൈന്‍ പദ്ധതി ദ്രുതവേഗത്തില്‍ പുരോഗമിക്കുകയാണ്. 44.96 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചാരികള്‍ക്കും ചരക്കുഗതാഗതത്തിനും ഒരുപോലെ പ്രയോജനം ചെയ്യുന്ന പാതയുടെ നിര്‍മാണം പാതിവഴി പിന്നിട്ടു. പദ്ധതിയുടെ 51 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായതായി കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. സിക്കിമിനെ റെയില്‍വേ നെറ്റ്‌വര്‍ക്കിന് കീഴില്‍ കൊണ്ടുവരുന്നു എന്നത് തന്നെയാണ് ഈ ബ്രോഡ്‌ഗേജ് പാതയുടെ ഏറ്റവും വലിയ പ്രത്യേകത. 2008-ല്‍ പ്രഖ്യാപിച്ച പദ്ധതി പശ്ചിമ ബംഗാളിലെ സിവോക്കിനെയും സിക്കിമിലെ രാംഗ്പോയേയും ബന്ധിപ്പിക്കുന്ന 45 കിലോമീറ്റര്‍ റെയില്‍ പാതപദ്ധതി 2008-ലെ ബജറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. 53 കിലോമീറ്റര്‍ പാത നിര്‍മിക്കാനാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിട്ടതെങ്കിലും അന്തിമ അലൈന്‍മെന്റില്‍ അത് 45 കിലോമീറ്ററായി ചുരുങ്ങി. തൊട്ടടുത്ത വര്‍ഷം അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജിയും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. മമതാ ബാനര്‍ജിയും അന്നത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ചേര്‍ന്ന് ആ വര്‍ഷം ഒകടോബര്‍ 30-ന് പദ്ധതിയുടെ ശിലാസ്ഥാപനവും നടത്തി. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് മമത ആ ഘട്ടത്തില്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ 2015-ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി സ്ഥലം ഏറ്റെടുക്കുന്നതിലെ താമസവും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേത്തുടര്‍ന്നും നീണ്ടുപോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!