KSDLIVENEWS

Real news for everyone

ഇ. ചന്ദ്രശേഖരനെ ആക്രമിച്ച കേസ്: CPM നേതാക്കള്‍ കൂറുമാറിയത് എട്ടിലേറെ പ്രതികളെ തിരിച്ചറിഞ്ഞശേഷം

SHARE THIS ON

കാസര്‍കോട്: മുന്‍മന്ത്രിയും സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ.യെ ആക്രമിച്ച കേസില്‍ സാക്ഷികളായ സി.പി.എം. നേതാക്കള്‍ കൂറുമാറിയത് പോലീസിന് മുന്നില്‍ എട്ടിലേറെ പ്രതികളെ തിരിച്ചറിഞ്ഞശേഷം. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ബി.ജെ.പി.പ്രവര്‍ത്തകര്‍ ചന്ദ്രശേഖരനെ ആക്രമിച്ചെന്നായിരുന്നു കേസ്. സി.പി.എം. ജില്ലാകമ്മിറ്റിയംഗവും കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ. രവി എട്ട് പ്രതികളെയാണ് ഡിവൈ.എസ്.പി. സുനില്‍ ബാബുവിനു മുമ്പാകെ തിരിച്ചറിഞ്ഞത്. സി.പി.എം. മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം അനില്‍ ബങ്കളം ഒന്‍പത് പ്രതികളെയും തിരിച്ചറിഞ്ഞു. രവിയുടെ ഡ്രൈവര്‍ ചായ്യോത്ത് മിഥുലാജ് ഹൗസില്‍ കെ. ഹക്കീം പന്ത്രണ്ടില്‍ ഒരാളൊഴിച്ച് ബാക്കി എല്ലാവരെയും തിരിച്ചറിഞ്ഞിരുന്നു. ഹക്കീമും വിചാരണവേളയില്‍ കൂറുമാറി. അറസ്റ്റിനുശേഷം പോലീസ് സ്റ്റേഷനില്‍ പ്രതികളെ തിരിച്ചറിയാന്‍ വിളിച്ചപ്പോള്‍ തങ്ങളെ ആക്രമിച്ചവരുടെ കൂട്ടത്തിലുള്ളവരെയെല്ലാം ഇനിയും കണ്ടാലറിയാം എന്നാണ് മൂന്നുപേരും മൊഴിനല്‍കിയത്. എന്നാല്‍, വിചാരണവേളയില്‍ മൊഴിമാറ്റിയപ്പോള്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സത്താര്‍ മൂന്നുപേരും കൂറുമാറിയതായി പ്രഖ്യാപിക്കാന്‍ കോടതിയോട് അഭ്യര്‍ഥിക്കുകയായിരുന്നു. ദൃക്സാക്ഷികളാണ് മൂന്നുപേരും. ഇവര്‍ പരിക്കേറ്റ് ആശുപത്രിയിലുമായിരുന്നു. മുതിര്‍ന്ന സി.പി.എം. നേതാവ് എ.കെ. നാരായണനും സി.പി.ഐ. മുന്‍ ജില്ലാസെക്രട്ടറി കെ.വി. കൃഷ്ണനും സംഭവസമയം ഇ. ചന്ദ്രശേഖരനൊപ്പം ഉണ്ടായിരുന്നു. ഒത്തുതീര്‍പ്പ് രാഷ്ട്രീയം മുതലെടുക്കാന്‍ യു.ഡി.എഫ്. തിരുവനന്തപുരം: സ്വന്തംപാര്‍ട്ടിയില്‍പ്പെട്ട പ്രതികളെ പരസ്പരം രക്ഷിക്കാന്‍ സി.പി.എമ്മും ബി.ജെ.പി.യുമുണ്ടാക്കിയ ധാരണയുടെ രാഷ്ട്രീയം യു.ഡി.എഫ്. പ്രചാരണായുധമാക്കുന്നു. സി.പി.ഐ. അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ പ്രതികളായ ബി.ജെ.പി.ക്കാരെ രക്ഷിക്കാനാണ് സി.പി.എം. ജില്ലാകമ്മിറ്റി അംഗമടക്കം കൂറുമാറിയത്. ഇത് സംസ്ഥാനവിഷയമായി വളരാതിരിക്കാനുള്ള കരുതലിലാണ് സി.പി.എമ്മും സി.പി.ഐ.യും. ബി.ജെ.പി.ക്കാരെ രക്ഷിക്കാന്‍ സി.പി.എം. നേതാക്കള്‍ കൂറുമാറിയിട്ടും മിണ്ടാന്‍കഴിയാത്ത നേതാക്കളുടെ ദുരവസ്ഥ സി.പി.ഐ.യില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതോടെയാണ് ഈ വിഷയം പരമാവധി രാഷ്ട്രീയമായി മുതലെടുക്കാനുള്ള യു.ഡി.എഫ്. നീക്കം. കൂറുമാറിയത് മുന്‍ ധാരണപ്രകാരമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍ ആരോപിച്ചത് ഇതിന്റെ ആദ്യപടിയാണ്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ ആര്‍.എസ്.എസ്. അനുകൂലിയാക്കി സി.പി.എം. പ്രചാരണം നടത്തുന്നതിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ കെ.പി.സി.സി. നിര്‍വാഹകസമിതിയോഗത്തില്‍ വിമര്‍ശനമുണ്ടായിരുന്നു. ഇതേ ഘട്ടത്തിലാണ് ബി.ജെ.പി.-സി.പി.എം. ഒത്തുതീര്‍പ്പ് വാര്‍ത്തയും വന്നത്. സി.പി.ഐ.യെ പുകഴ്ത്തി ഹസന്‍ ഫാസിസത്തിനുനേരെയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സി.പി.ഐ. സ്വീകരിച്ചിട്ടുണ്ടെന്ന് എം.എം. ഹസന്‍. അതിനാലാണ് അവര്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്. യാത്രയില്‍നിന്ന് വിട്ടുനിന്ന സി.പി.എം., മതേതര-ജനാധിപത്യ ഐക്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ബി.ജെ.പി.യുടെ രാഷ്ട്രീയതന്ത്രത്തെ പിന്തുണച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!