പോണ്‍താരവുമായുള്ള ബന്ധം: ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തി; ഇതാദ്യമായാണ് ഒരു മുന്‍ യു.എസ് പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്.

വാഷിങ്ടണ്‍: അവിഹിതബന്ധം പുറത്തുപറയാതിരിക്കാന്‍ പോണ് താരത്തിന് പണം നല്കിയ കേസില്‍ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരന്‍. അമേരിക്കയിലെ മാന്‍ഹാട്ടന്‍ ഗ്രാന്‍ഡ് ജൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. പോണ്‍താരം സ്റ്റോമി ഡാനിയല്‍സിന് 1.30 ലക്ഷം യു.എസ് ഡോളര്‍(ഏകദേശം 1.06 കോടി രൂപ) നല്‍കിയെന്ന കേസിലാണ് നടപടി. ഇതാദ്യമായാണ് ഒരു മുന്‍ യു.എസ് പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. കുറ്റത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ട്രംപിനോട് കോടതിക്കു മുന്‍പാകെ കീഴടങ്ങാന്‍ മാന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് അറ്റോണി ആല്വിന് ബ്രാഗ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച കോടതിയില്‍ ട്രംപിനു മുന്നില്‍ കുറ്റം വായിച്ചുകേള്പ്പിക്കുമെന്നാണ് കോടതി വൃത്തങ്ങള്‍ പറയുന്നത്. 2006 മുതല്‍ ട്രംപുമായി ബന്ധമുണ്ടെന്നാണ് സ്റ്റോമി ഡാനിയല്‍സ് ആരോപിച്ചത്. ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്ന കാര്യം ട്രംപ് സമ്മതിച്ചിരുന്നെങ്കിലും ലൈംഗികബന്ധമുണ്ടായില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇരുവരും തമ്മിലുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ 2016ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ട്രംപ് സ്റ്റോമിക്ക് പണം നല്‍കുകയായിരുന്നു. അന്ന് ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കല്‍ കോഹനാണ് ഈ പണം നടിക്ക് കൈമാറിയത്. ഇക്കാര്യം കോഹന് കോടതിയില്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയവേട്ടയാണ് തനിക്കെതിരെ നടക്കുന്നതെന്നാണ് ട്രംപ് പ്രതികരിച്ചത്. നടപടിക്ക് വന്‍ തിരിച്ചടിയുണ്ടാകും. 2024 നമ്മുടെ റിപബ്ലിക്കിനെ എക്കാലത്തേക്കുമായി രക്ഷിക്കുന്ന വര്‍ഷമാകും. നിങ്ങളുടെ പിന്തുണയോടെ നമ്മള് അമേരിക്കന്‍ ചരിത്രത്തിന്റെ അടുത്ത വലിയ അധ്യായം കുറിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ട്രംപിന് കനത്ത തിരിച്ചടിയാകുന്നതാണ് പുതിയ നിയമനടപടി. ട്രംപ് കീഴടങ്ങിയിട്ടില്ലെങ്കില്‍ അറസ്റ്റ് നടപടികളുണ്ടാകുമെന്ന് ഉറപ്പാണ്. ഇതിന്റെ മുന്നോടിയായി സ്റ്റോമിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. 2018ല്‍ ട്രംപുമായുള്ള ബന്ധം പുറത്തുപറയരുതെന്ന് അവര്‍ക്ക് ഭീഷണിയും മുന്നറിയിപ്പും ലഭിച്ചിരുന്നുവെന്നാണ് അഭിഭാഷകര്‍ പറഞ്ഞത്. Summary: Former US President Donald Trump has been indicted in relation to an alleged hush-money payment made to a porn star Stormy Daniels before the 2016 presidential election

