മുസ്ലിം സമുദായത്തെ ഇകഴ്ത്തുന്നത്’; കേരള സ്റ്റോറിക്കെതിരെ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തെയാകെ ഇകഴ്ത്തുന്ന ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തു. തിയേറ്ററുകള്‍ക്ക് പുറമെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ജംഇയ്യത്തുല്‍ ഉലമ ഹിന്ദിന്റെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ബുധനാഴ്ച ആവശ്യപ്പെടും. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ദ്ധയും ഉണ്ടാകുമെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലിം ചെറുപ്പക്കാര്‍ ഉള്‍പ്പടെ മുസ്ലിം മത വിഭാഗത്തില്‍പ്പെട്ടവരെയാകെ ഇകഴ്ത്തുന്നതാണ് ചിത്രമെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. 32,000 പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്ന് പശ്ചിമ ഏഷ്യയില്‍ പോയി ഐ.എസ്.ഐ.എസില്‍ ചേര്‍ന്നുവെന്നാണ് സിനിമയില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് കളളമാണ്. 2022 നവംബര്‍ 10-ന് ബിബിസി സംപ്രേക്ഷണം ചെയ്ത റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നിന്ന് മുസ്ലിം മതത്തിലേക്ക് മാറി ഐ.എസ്.ഐ.എസില്‍ ചേരാന്‍ പോയ പെണ്‍കുട്ടികളുടെ എണ്ണം പത്ത് മുതല്‍ പതിനഞ്ച് വരെ മാത്രമാണ്. ഇക്കാര്യം പോലീസിനെ ഉദ്ധരിച്ചാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടങ്ങിയവയുടെ കണക്കുകള്‍ പ്രകാരം ഏതാണ്ട് 66 ഇന്ത്യക്കാര്‍ മാത്രമാണ് ഐ.എസ്.ഐ.എസില്‍ ചേരാന്‍ പോയിട്ടുള്ളതായി കണ്ടെത്തിയിട്ടുള്ളത്. ഐ.എസ്.ഐ.എസിനോട് ആഭിമുഖ്യം കാണിക്കുന്ന ആകെ ഇന്ത്യക്കാരുടെ എണ്ണം നൂറില്‍ താഴെയാണെന്നാണ് സര്‍ക്കാര്‍ കണക്കുകളില്‍ ഉള്ളതെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ലവ് ജിഹാദിലൂടെയാണ് മതം മാറ്റി പെണ്‍കുട്ടികളെ ഐ.എസ്.ഐ.എസിലേക്ക് ചേര്‍ക്കാന്‍ കൊണ്ടുപോകുന്നത് എന്നാണ് ചിത്രം പറയുന്നതെന്ന് ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, 2009-ല്‍ കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ ലവ് ജിഹാദിന് തെളിവില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്‍.ഐ.എ 2018-ല്‍ നടത്തിയ അന്വേഷണത്തിലും ലവ് ജിഹാദിന് തെളിവില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2012-ല്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം 2006-നും 2012-നും ഇടയില്‍ 7,713 പേരാണ് കേരളത്തില്‍ മുസ്ലിം മതത്തിലേക്ക് മതം മാറിയത്. 2009-നും 2012-നും ഇടയില്‍ മതം മാറിയവരുടെ എണ്ണം 2,667 ആണ്. ഇതില്‍ 2,195 പേര്‍ ഹിന്ദുക്കളും 492 പേര്‍ ക്രിസ്ത്യാനികളും ആണ്. ഒരു മതംമാറ്റവും ബലം പ്രയോഗിച്ച് അല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

