ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ പിതാവിന് അവസരം; തോക്കെടുത്ത് ആഘോഷിച്ച് മകന്‍, വീഡിയോ വൈറല്‍

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ പിതാവിന് അവസരം കിട്ടിയതിലെ സന്തോഷം തോക്കെടുത്ത് ആഘോഷിച്ച് മകന്‍. ബാബലേശ്വരയില്‍ നിന്ന് മത്സരിക്കുന്ന ബിജെപി നേതാവായ വിജയ് കുമാര്‍ പാട്ടീലിന്റെ മകനാണ് സന്തോഷം പരിധിവിട്ട് ആഘോഷിച്ചത്. തോക്കെടുത്ത് രണ്ടുതവണ ഇയാള്‍ നിറയൊഴിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വിജയ് കുമാര്‍ പാട്ടീലിന് ബിജെപി സീറ്റ് നിഷേധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് സീറ്റ് ലഭിച്ചതിനെ തുടര്‍ന്നാണ് മകന്റെ ആഘോഷം നടന്നത്. ആകാശത്തേക്കും നിലത്തേക്കും നിറയൊഴിച്ചുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. അതേസമയം സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്

