KSDLIVENEWS

Real news for everyone

താരങ്ങളുടെ അധ്വാനത്തെ പറ്റി ആലോചിക്കണം; സിനിമ നല്ലതാണോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ; സുപ്രീംകോടതി

SHARE THIS ON

ന്യൂഡല്‍ഹി : ‘ദി കേരള സ്റ്റോറി’ സിനിമയ്ക്കെതിരായ ഹര്‍ജികള്‍ ഇന്നുതന്നെ പരിഗണിക്കാന്‍ കേരള ഹൈക്കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സീനിയര്‍ അഭിഭാഷകന്‍ ഹുസേഫ അഹമ്മദിയുടെ ആവശ്യം തള്ളിയത്. സിനിമയില്‍ അഭിനയിച്ച താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും അധ്വാനത്തെ പറ്റി ആലോചിക്കണമെന്നും, സിനിമയെക്കുറിച്ച്‌ പറയുമ്ബോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ചിത്രം നല്ലതാണോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

‘ദി കേരള സ്റ്റോറി’യ്ക്ക് എതിരായ ഹര്‍ജികള്‍ ഫയല്‍ ചെയ്യുകയാണെങ്കില്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തുവെങ്കിലും അവധിക്കാല ജഡ്ജി ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി അവധിയില്‍ ആണെന്നും, ഹര്‍ജി അവധിക്കാല ജഡ്ജി എന്‍ നഗരേഷിന്റെ മുന്നില്‍ ലിസ്റ്റ് ചെയ്യാന്‍ അദ്ദേഹം നിര്‍ദേശിച്ചതായും ഹുസേഫ അഹമ്മദി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജി നാളെ കേള്‍ക്കാമെന്ന നിലപാടാണ് ജസ്റ്റിസ് നഗരേഷ് സ്വീകരിച്ചത് എന്നും അദ്ദേഹം ആരോപിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഭട്ടി അവധിയില്‍ ആണെങ്കില്‍ രണ്ടാമനായ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന് മുന്നിലോ ഉന്നയിക്കാന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നിര്‍ദേശിച്ചു. എന്നാല്‍ സുപ്രീം കോടതി ഇക്കാര്യത്തത്തില്‍ ഒരു നിര്‍ദേശം നല്‍കണം എന്നായിരുന്നു ഹുസേഫയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.

ചിത്രത്തിന് എതിരായ മറ്റൊരു ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയതാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാരണത്താലാകാം ഹൈക്കോടതി ഇന്ന് അടിയന്തരമായി ഹര്‍ജി പരിഗണിക്കാത്തതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. നാളെ രാവിലെ 10.15ന് ഈ വിഷയം ഹൈക്കോടതിയുടെ മുമ്ബാകെ ഉന്നയിക്കാന്‍ ഹര്‍ജിക്കാരോട് സുപ്രീം കോടതി നിര്‍ദേശിച്ചു. എന്നാല്‍ ചിത്രത്തിന്റെ റിലീസും, സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുമാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും നാളെ ചിത്രം റീലീസ് ചെയ്താല്‍ ഹര്‍ജി അപ്രസക്തമാകുമെന്നും ഹുസേഫ അഹമ്മദി ചൂണ്ടികാട്ടി.

അതേസമയം, ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അവസാന നിമിഷം ഹര്‍ജിയുമായി വരുന്നത് എന്തിനാണെന്ന് ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. നേരത്തെ സമീപിച്ചിരുന്നെങ്കില്‍ ആരോടെങ്കിലും സിനിമ കാണാന്‍ നിര്‍ദേശിച്ചതിന് ശേഷം തീരുമാനം എടുക്കാമിയിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരനും സിനിമ കണ്ടിട്ടില്ലെന്നും വിഷയം ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇടപെടാന്‍ സാധിക്കില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!