KSDLIVENEWS

Real news for everyone

മേഘങ്ങള്‍മൂലം റേഡിയോകോളര്‍ പ്രവര്‍ത്തിക്കുന്നില്ല; മേഘമലയിലെ ജനവാസ കേന്ദ്രത്തിൽ അരിക്കൊമ്പൻ

SHARE THIS ON

കുമളി ∙ അരിക്കൊമ്പന്‍ എന്ന കാട്ടാന ഇന്നലെ രാത്രിയും ജനവാസമേഖലയിലിറങ്ങി. തമിഴ്നാട്ടിലെ മേഘമല ഹൈവേസ് ഡാമിനുസമീപം കൃഷി നശിപ്പിക്കാന്‍ ആന ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേര്‍ന്ന് ആനയെ കാട്ടിലേയ്ക്ക് തുരത്തി. മഴമേഘങ്ങള്‍മൂലം റേഡിയോ കോളര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മേഘമലയിൽ തേയിലത്തോട്ടത്തിൽനിന്നു കാട്ടിലേക്ക് അരിക്കൊമ്പൻ നടന്നു പോകുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. അരിക്കൊമ്പനെ പേടിച്ചു കഴിയുകയാണു തമിഴ്നാട് അതിർത്തിയിലെ ജനങ്ങളും വനം വകുപ്പും. തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള സ്ഥലമാണു മേഘമല. ഈ പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനംവകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നൽകി. തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററിലേറെ സഞ്ചരിച്ചെന്നാണു കണക്ക്.  അരിക്കൊമ്പൻ വിലസി നടന്നിരുന്ന ചിന്നക്കനാലിലെ സാഹചര്യങ്ങൾക്കു സമാനമാണ് മേഘമലയിലേത്. വനാതിർത്തിയോടു ചേർന്ന് തേയിലത്തോട്ടം, ലയങ്ങൾ, തടാകം എന്നിവയ്ക്കു പുറമേ കാലാവസ്ഥയും ഏറെക്കുറെ സമാനമാണ്. ഈ ഭാഗത്തെ വനത്തിൽനിന്നു പുറത്തിറങ്ങിയാൽ ആനയ്ക്ക് തേയിലത്തോട്ടങ്ങളിലെത്താം. ഇവിടെ ജനസാന്ദ്രത കൂടുതലാണ്. അതേസമയം, ഇരവിങ്കലാറിൽ അരിക്കൊമ്പൻ ഒരു വീടിന്റെ വാതിലുകൾ തകർത്തെന്നതു വ്യാജവാർത്തയാണെന്നു തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!