പണമൊഴുകും തിരഞ്ഞെടുപ്പ്; കർണാടകയിൽ പിടിച്ചത് 375 കോടിയുടെ പണവും മറ്റു വസ്തുക്കളും

ബെംഗളൂരു∙ ഈ മാസം പത്തിന് നിയമസഭയിലേക്കു വോട്ടെടുപ്പ് നടക്കുന്ന കർണാടകയിൽ ഇതുവരെ എൻഫോഴ്സ്മെന്റ് സംഘങ്ങൾ പിടിച്ചെടുത്തത് 375 കോടി രൂപയുടെ പണവും മറ്റു വസ്തുക്കളും. മാർച്ച് 29നാണ് സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽവന്നത്. അന്നു മുതൽ തിങ്കളാഴ്ച വരെയുള്ള കണക്കാണിത്. തിങ്കളാഴ്ച വൈകിട്ടോടെ കർണാടകയിൽ പരസ്യ പ്രചാരണം സമാപിച്ചിരുന്നു. ഞായറാഴ്ച രാത്രി വരെ 7.09 കോടിയുടെ വസ്തുക്കൾ മാത്രമായിരുന്നു പിടിച്ചെടുത്തത്. എന്നാൽ പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ തിങ്കളാഴ്ചത്തേതും കൂടിയാകുമ്പോൾ ആകെ 375 കോടിയുടെ വസ്തുക്കളാണ് വിവിധ ഏജൻസികൾ പിടിച്ചെടുത്തതെന്ന് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസ് അറിയിച്ചു. പിടിച്ചെടുത്തവയിൽ 147 കോടി രൂപയുടെ കറൻസി നോട്ടും ഉൾപ്പെടുന്നു. 84 കോടി രൂപ മൂല്യം വരുന്ന 22.27 ലക്ഷം ലീറ്റർ മദ്യം, 97 കോടി രൂപ മൂല്യം വരുന്ന സ്വർണവും (179 കിലോ) വെള്ളിയും (669 കിലോ) സൗജന്യമായി നൽകാൻ എത്തിച്ച 24 കോടി രൂപ വിലവരുന്ന സാധനസാമഗ്രികളും 24 കോടി രൂപ മൂല്യം വരുന്ന 1954 കിലോ ലഹരിപദാർഥങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇവയിൽ എല്ലാമായി ഇതുവരെ 2,896 എഫ്ഐആറാണ് റജിസ്റ്റർ ചെയ്തത്.. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് (മാർച്ച് 9 മുതൽ മാർച്ച് 27 വരെ) ആകെ 58 കോടി രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലൈയിങ് സ്ക്വാഡുകൾ, എസ്എസ്ടികൾ, പൊലീസും ചേർന്നു വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇവ കണ്ടെടുത്തത്.

