വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് നീതി ലഭിക്കുന്നത് വരെ ഞാനും എന്റെ പ്രസ്ഥാനവും കൂടെയുണ്ടാകും -ചെന്നിത്തല

തിരുവനന്തപുരം : വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് പിണറായി വിജയനിൽ നിന്ന് നീതി ലഭിക്കുമോ എന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . നീതിക്കു വേണ്ടിയുള്ള ഇവരുടെ പോരാട്ടം വിജയം കാണുന്നതുവരെ വ്യക്തിപരമായി താനും , തന്റെ പ്രസ്ഥാനവും ഈ കുടുംബത്തിനൊപ്പമുണ്ടാകുമെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു . പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ഈ ഹീനമായ കൊലപാതകത്തിൽ അന്വേഷണം അട്ടിമറിച്ചു എന്ന് ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയിരുന്നു . എന്നാൽ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റം നൽകി ആദരിക്കുകയാണ് ഈ സർക്കാർ ചെയ്തത് . ദേശീയ ബാലാവകാശ കമ്മീഷൻ തെളിവെടുപ്പ് നടത്തിയപ്പോൾ അത് ഒഴിവാക്കുന്നതിനായി മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു മുഖ്യമന്ത്രി . പുനരന്വേഷണത്തെ എതിർക്കില്ല , വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും തുടങ്ങിയ ഉറപ്പുകൾ അന്ന് ഈ കുടുംബത്തിന് നൽകിയെങ്കിലും അതെല്ലാം പാഴ് വാക്കായെന്നും ചെന്നിത്തല പറഞ്ഞു.

