17 രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ ഒറ്റ രാത്രികൊണ്ട് 10 കോടി; കോടീശ്വരനായെങ്കിലും പുലിവാല് പിടിച്ച് കര്ഷകന്

പശ്ചിമ ബംഗാളിലെ കര്‍ഷകത്തൊഴിലാളിയായ മുഹമ്മദ് നസിറുല്ല മണ്ഡലിന്റെ ബാങ്ക് അക്കൗണ്ടിലാണ് കോടികള്‍ എത്തിയത്.
ഇപ്പോള്‍ പണത്തിന്റെ സ്രോതസ് ഉള്‍പ്പെടെ കാണിക്കാൻ ആവശ്യപ്പെട്ട് ഇയാള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് നോട്ടീസ് ഉള്‍പ്പെടെ ലഭിച്ചിരിക്കുകയാണ്.
ദേഗംഗ (പശ്ചിമ ബംഗാള്‍) : 17 രൂപ മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടില്‍ ഒറ്റ രാത്രികൊണ്ട് എത്തിയത് 10 കോടി. പശ്ചിമ ബംഗാളിലെ വാസുദേവ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളിയായ മുഹമ്മദ് നസിറുല്ല മണ്ഡലിന്റെ ബാങ്ക് അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി കോടികള്‍ എത്തിയത്. ഒറ്റ രാത്രികൊണ്ട് കോടീശ്വരനായെങ്കിലും പണത്തിന്റെ സ്രോതസ് കാണിക്കാൻ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ നിന്നുള്‍പ്പെടെ നോട്ടീസ് ലഭിച്ചതോടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് നസിറുല്ല മണ്ഡല്.
ദേഗംഗയിലെ ചൗരാഷി പഞ്ചായത്തിലെ വാസുദേവ്പൂര്‍ ഗ്രാമത്തിലെ താമസക്കാരനാണ് 26 കാരനായ മുഹമ്മദ് നസിറുല്ല മണ്ഡല്. മാതാപിതാക്കളെ കൂടാതെ ഭാര്യയും മകനും മകളും അടങ്ങുന്നതാണ് കുടുംബം. നസിറുല്ലയുടെ തുശ്ചമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായ ഇയാളുടെ അക്കൗണ്ടില്‍ കോടികള്‍ എത്തിയത്.
ആയിരം രൂപ പോലും ഇതുവരെ അക്കൗണ്ടില്‍ നിക്ഷേപിക്കാൻ സാധിച്ചിട്ടില്ലാത്ത നസിറുല്ലയുടെ ബാങ്ക് അക്കൗണ്ടിലാണ് 10 കോടി എത്തിയതെന്നതാണ് ഇതിലെ ഏറ്റവും വലിയ കൗതുകം. അടുത്തിടെ മുര്‍ഷിദാബാദിലെ ജംഗിപൂര്‍ പൊലീസ് ഡിസ്ട്രിക്റ്റിലെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷൻ, നോര്‍ത്ത് 24 പര്‍ഗാനാസിലെ ദേഗംഗ പൊലീസ് സ്റ്റേഷനിലേക്ക് വലിയ തോതില്‍ നടന്ന പണമിടപാടിനെക്കുറിച്ച് അറിയിച്ചുകൊണ്ട് നോട്ടീസ് അയച്ചിരുന്നു.
തുടര്‍ന്ന് ഈ നോട്ടീസ് നസിറുല്ലക്ക് ലഭിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. മെയ് 30നകം പണമിടപാട് സംബന്ധിച്ച് ആവശ്യമായ രേഖകളുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അറിയിച്ച് കൊണ്ടായിരുന്നു നോട്ടീസ് എത്തിയത്. പൊലീസിന്റെ നോട്ടീസ് ലഭിച്ചയുടനെ നസിറുല്ല കുഴഞ്ഞ് വീഴുകയായിരുന്നു എന്നും സമീപവാസികള്‍ പറയുന്നു. തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 10 കോടി എത്തിയ കാര്യം അറിയുന്നത്.
പിന്നാലെ കാര്യം അന്വേഷിച്ച് ഇയാള്‍ ബാങ്കില്‍ എത്തിയെങ്കിലും ബാങ്ക് അധികൃതര്‍ക്കും ഇതിന് കൃത്യമായ മറുപടി ഇല്ലായിരുന്നു. ഇടപാടുകള്‍ തടയുന്നതിനായി ഇയാളുടെ അക്കൗണ്ട് പൊലീസ് താത്കാലികമായി മരവിപ്പിച്ചു എന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഒരു വശത്ത് പൊലീസ് നോട്ടീസും മറുവശത്ത് കോടികളുമായി ചെകുത്താനും കടലിനും നടുവില്‍ പെട്ട അവസ്ഥയിലാണ് താനെന്നാണ് നസിറുല്ല പറയുന്നത്.
‘ഞാൻ ഒരു ദിവസക്കൂലിക്കാരനാണ്. മറ്റുള്ളവരുടെ ഭൂമിയില്‍ കൃഷി പണിയെടുത്താണ് ഉപജീവനം നടത്തുന്നത്.
പൊലീസ് നോട്ടീസ് ലഭിച്ചപ്പോള്‍ ആദ്യം എനിക്ക് കാര്യം മനസിലായിരുന്നില്ല. തുടര്‍ന്ന് വിദ്യാസമ്ബന്നനായ എന്റെ ഒരു സുഹൃത്തിനെക്കൊണ്ട് നോട്ടീസ് വായിപ്പിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസിലാക്കാൻ സാധിച്ചത്. 10 കോടിയോളം രൂപയാണ് എന്റെ അക്കൗണ്ടില്‍ എത്തിയത്.
അത്രമാത്രമാണ് എനിക്ക് അറിയാവുന്ന കാര്യം. പണം എവിടെ നിന്ന് വന്നു, എങ്ങനെ വന്നു എന്ന കാര്യമൊന്നും എനിക്ക് അറിയില്ല. പണം വന്നതോട് കൂടി എന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഞാൻ. ഈ പ്രശ്നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നാണ് ആഗ്രഹം. മുഹമ്മദ് നസിറുല്ല മണ്ഡല് ഇടിവി ഭാരതിനോട് പറഞ്ഞു.

