KSDLIVENEWS

Real news for everyone

പുതിയ പാര്‍ലമെന്റ് കെട്ടിടോദ്ഘാടനത്തോട് അനുബന്ധിച്ച്‌ ഇന്ത്യ 75 രൂപയുടെ നാണയം ഇറക്കുന്നു

SHARE THIS ON

ന്യുഡല്‍ഹി: പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ ഇന്ത്യ പുതിയ 75 രൂപയുടെ നാണയം ഇറക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഓര്‍മക്ക് കൂടിയാണ് നാണയം ഇറക്കുന്നത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നാണയം പുറത്തിറക്കുമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭവും അതിനു താഴെ ‘സത്യമേവ ജയതേ’ എന്ന വാക്കുകളും ഉണ്ടാകും. ഇടതു വശത്ത് ഭാരത് എന്ന് ദേവനാഗിരിയിലും വലതു വശത്ത് ഇന്ത്യ എന്ന് ഇംഗ്ലീഷിലും എഴുതിയിരിക്കും. അശോകസ്തംഭത്തിന് താഴെയായി #75 എന്ന് എഴുതിയിരിക്കും. നാണയത്തിന്റെ മറുവശത്ത് പാര്‍ലമെന്റ് കോംപ്ലക്സിന്റെ ചിത്രമാണ് രേഖപ്പെടുത്തിയിരിക്കുക. ‘സൻസാദ് സങ്കുല്‍’ എന്ന വാക്ക് ദേവനാഗിരിയില്‍ ചിത്രത്തിന് മുകള്‍ വശത്തും ‘പാര്‍ലമെന്റ് കോംപ്ലക്സ്’ എന്ന് ഇംഗ്ലീഷില്‍ ചിത്രത്തിന്റെ താഴെ വശത്തും എഴുതും. 44മില്ലീമീറ്റര്‍ വ്യാസമുള്ള നാണയത്തിന് 35 ഗ്രാം ഭാരമുണ്ടായിരിക്കും. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്ബ്, അഞ്ച് ശതമാനം നിക്കല്‍, അഞ്ച് ശതമാനം സിങ്ക് എന്നിവകൊണ്ടാണ് നാണയം നിര്‍മിച്ചിട്ടള്ളത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഞായറാഴ്ച നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ 25 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും. 20 പ്രതിപക്ഷ പാര്‍ടികള്‍ ചടങ്ങ് ബഹിഷ്‍കരിക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ഇടതു സംഘടനകള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‍വാദി പാര്‍ട്ടി എന്നിവര്‍ ബിഷ്‍കരണം പ്രഖ്യാപിച്ചവരില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കി പ്രധാനമന്ത്രി പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!