KSDLIVENEWS

Real news for everyone

കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി വിവിധ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു

SHARE THIS ON

കാസര്‍ഗോഡ് : അധ്യായന വര്‍ഷാരംഭം കണക്കിലെടുത്ത് ജില്ലയിലെ വിദ്യാര്‍ഥികളുടെ സുരക്ഷയും കരുതലും ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

അഡീഷണല്‍ എസ്.പി പി.കെ.രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും സുരക്ഷിതത്വത്തിനുമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര വകുപ്പുകളുടെ ഏകീകരണ പ്രവര്‍ത്തനത്തിനും ജില്ലാ തലത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ചും ഏകോപനത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

നേര്‍വഴിയിലേക്ക് നയിക്കാന്‍ പൊലീസ്

കുട്ടികള്‍ വഴി തെറ്റാതിരിക്കാനും അവരെ നേര്‍വഴിയിലേക്ക് നയിക്കാനും പൊലീസ് വകുപ്പ് വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കി വരികയാണ്. ജില്ലയില്‍ വര്‍ധിക്കുന്ന പോക്‌സോ കേസുകളും മയക്കുമരുന്ന് കേസുകളുമാണ് നിലവിലെ വെല്ലുവിളി. ഇതിനെ പ്രതിരോധിക്കാന്‍ പൊലീസ് സക്രിയമായി ഇടപെടുന്നുണ്ടെന്നും ഇതിനായി വകുപ്പുകള്‍ സംയോജിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അഡീഷണല്‍ എസ്.പി പി.കെ.രാജു പറഞ്ഞു.
എല്ലാ പൊലീസ് സ്റ്റേഷനുകളും ശിശു സൗഹൃദമായി കഴിഞ്ഞു. കുട്ടികളെ നിയമപരമായി സംരക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച്‌ എല്ലാ പൊലീസുകാര്‍ക്കും ക്ലാസ് നല്‍കി. ജുവനൈല്‍ കേസുകളില്‍പ്പെട്ട കുട്ടികള്‍ക്കും പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷയില്‍ പരാജയപ്പെടുന്ന കുട്ടികള്‍ക്കും വേണ്ടി തുടര്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ പൊലീസ് നടപ്പാക്കുന്ന ഹോപ് (ഹെല്‍പ്പിംഗ് അതേര്‍സ് ടു പ്രൊമോട്ട് എജുക്കേഷന്‍ ) പദ്ധതിയിലൂടെ ജില്ലയില്‍ ഈ വര്‍ഷം പത്താം ക്ലാസില്‍ ഏഴ് പേരെയും, പ്ലസ്ടുവില്‍ 14 പേരെയും വിജയിപ്പിക്കാനായി. ഹോപ് പദ്ധതിയിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. മാനസിക സമ്മര്‍ദം നേരിടുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനുള്ള ചിരി പദ്ധതി, പോക്‌സോ കേസിലെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന കൂട്ട് പദ്ധതി, തുടങ്ങി കുട്ടികളുടെ ക്ഷേമം ലക്ഷ്യം വെച്ച്‌ പൊലീസ് വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്.

വകുപ്പുകളുടെ പദ്ധതികള്‍ ചര്‍ച്ച ചെയ്തു

കുട്ടികള്‍ക്കായി വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും നടത്തിപ്പ് രീതികളും പദ്ധതികളെ കുറിച്ചുള്ള നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. സ്‌കൂള്‍ അധ്യായന വര്‍ഷം ആരംഭിക്കുന്ന മുറയ്ക്ക് സ്‌ക്കൂളില്‍ പി.ടി.എ, പ്രധാനാധ്യാപകന്‍, സ്‌ക്കൂള്‍ പരിധിയിലുള്ള കടയുടമകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി അടിയന്തിരമായി സ്‌ക്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിക്കാന്‍ അഡീഷണല്‍ എസ്.പി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. പോക്‌സോ കേസുകള്‍ സംബന്ധിച്ച്‌ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കും. പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുന്ന പട്ടിക വര്‍ഗ മേഖലയിലെ വിദ്യാര്‍ഥികളെ തിരികെ സ്‌കൂളിലെത്തിക്കാന്‍ കൗണ്‍സിലിംഗും വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച്‌ പ്രവര്‍ത്തനങ്ങളും നടപ്പാക്കും.

കാസര്‍കോട് ജില്ലാ പൊലീസ് ഓഫീസ് ട്രെയിനിംഗ് സെന്ററില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികളും സര്‍ക്കാറിതര സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കുട്ടികളുടെ ക്ഷേമം സംബന്ധിച്ച്‌ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും പുരോഗതി വിലയിരുത്താന്‍ ജൂലൈ മാസത്തില്‍ വീണ്ടും യോഗം ചേരും.

https://chat.whatsapp.com/ICzg8Jng9KmIjCoXNDrLxN

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!