കോഴിയിറച്ചി വില കുതിക്കുന്നു; കിലോയ്ക്ക് 160 രൂപയ്ക്ക് മുകളിൽ

കാഞ്ഞങ്ങാട് : ചൂടിനൊപ്പം കോഴിയിറച്ചിയുടെ വിലയും കുത്തനെ ഉയർന്നു. ഒരാഴ്ച മുൻപ് കിലോയ്ക്ക് 145-150 ഉണ്ടായിടത്ത് ഇപ്പോൾ 160-ന്റേയും 170 ന്റേയും ഇടയിലാണ് കാസർകോട്ടെ പല സ്ഥലങ്ങളിലും, ഉൾനാടൻ പ്രദേശങ്ങളിൽ 180 രൂപ വരെ ഈടാക്കുന്നുണ്ട്.
ചൂട് കാരണം ഫാമുകളിൽ കോഴി ഉത്പാദനം കുറഞ്ഞതും കോഴിത്തീറ്റയുടെ വിലവർധനയുമാണ് വില ഉയരാൻ ഇടയാക്കിയതെന്ന് കർഷകർ പറയുന്നു. 50 കിലോ കോഴിത്തീറ്റ ചാക്കിന്റെ വില അടുത്തിടെ 700 രൂപയാണ് കൂടിയത്.
കനത്ത ചൂടിൽ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നതും വിലക്കയറ്റത്തിന് കാരണമായതായി കർഷകർ പറയുന്നു.അതിർത്തി സംസ്ഥാനമായ കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് നമ്മുടെ ഇറച്ചിവിപണികളിലേക്ക് കോഴിയെത്തുന്നത്. മുൻപ് സംസ്ഥാനത്തേക്ക് ആവശ്യമായ കോഴിയുടെ 50 ശതമാനം വരെ തദ്ദേശീയമായി ഉദ്പാദിപ്പിച്ചിരുന്നു. അത് കോവിഡിനുശേഷം പഴയപടി 20 ശതമാനമായി.
കോവിഡ് കാലത്തും അതിനുശേഷവും നഷ്ടം കാരണം നിരവധി ഫാമുകൾ പൂട്ടിപ്പോയതാണ് തദ്ദേശീയ ഉത്പാദനക്കുറവിന് ഇടയാക്കിയത്.
വില ഇനിയും ഉയർന്നാൽ ഹോട്ടലുകളിലെ ഭക്ഷണ വിലയെയും ബാധിക്കുമെന്നുറപ്പാണ്.

